ആടയാഭരണങ്ങൾ പങ്കിട്ടു; ഒന്നാമതെത്തി സഹോദരിമാർ
1376377
Thursday, December 7, 2023 12:39 AM IST
ആറ്റിങ്ങൽ: മോഹിനിയാട്ടത്തിൽ തിളക്കമാർ ന്ന നേട്ടം കരസ്ഥമാക്കി സഹോദരിമാരായ ഗൗരിനന്ദയും ശ്രീനന്ദയും. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മക്കളുടെ കാലവാസന പ്രോത്സാഹിപ്പിക്കാൻ ഒപ്പംനിന്ന അച്ഛൻ ഗോപാലകൃഷ്ണന് പഴയ നഷ്ടത്തിന്റെ തിരിച്ച് നേടലുമായി.
പാറശാല ജിവിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ ഡി.എം. ഗൗരിനന്ദ ഹൈസ്കൂൾ വിഭാഗത്തിലും അനുജത്തി ഏഴാംക്ലാസുകാരി ജി.എം. ശ്രീ നന്ദ യുപി വിഭാഗത്തിലുമാണ് ഒന്നാം സ്ഥാനം നേടിയത്.
ഇരുവരും ഒരേ ആടയാഭരണങ്ങളാണ് ഉപയോഗിച്ചത്. ആദ്യം ഗൗരി നന്ദയുടെ മത്സരമായിരുന്നു. മറ്റു മത്സരാർഥികൾവേഷം ധരിച്ചെത്തിയപ്പോഴും അനുജത്തി ശ്രീനന്ദ സഹോദരി എത്തുന്നതുംകാത്തു നിൽക്കുകയായിരുന്നു. ഒടുവിൽ സഹോദരിയുടെ മത്സരം കഴിഞ്ഞശേഷം ഇതേവേഷവും ആഭരണങ്ങളുമണിഞ്ഞാണ് അനുജത്തി വേദിയിലെത്തിയത്. രണ്ടും പേർക്കും ഒന്നാം സ്ഥാനവും ലഭിച്ചു.
അച്ഛൻ ഗോപാലകൃഷ്ണൻ നായർ സ്കൂൾ കലോത്സവങ്ങളിൽ പാട്ട് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. എന്നാൽ വീട്ടിൽനിന്നു പിന്തുണ കിട്ടാത്തതിനാൽ തുടരാനായില്ല. തന്റെ മക്കളിലൂടെ ആ വേദന മറക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഗോപാലകൃഷ്ണൻ.