പ്രതിഷേധവും കലയാണ്..!
1376376
Thursday, December 7, 2023 12:35 AM IST
ആറ്റിങ്ങല്‍: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കലോത്സവവേദിയില്‍ അധ്യാപകരുടെ പ്രതിഷേധം. ആറ്റിങ്ങല്‍ ഉപജില്ലയിലെ ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീ ചിത്തിരവിലാസം ബോയ്സ് ഹൈസ്കൂളിലെ അധ്യാപകരാണ് കലോത്സവവേദിയായ ആറ്റിങ്ങല്‍ മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തി ഡിഡിഇയോട് നേരിട്ട് പ്രതിഷേധമറിയിച്ചത്.
ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിലെ കമ്പ്യൂട്ടര്‍ ലാബിലിരുത്തി വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്ന ഡിഡിയുടെ പരാമര്‍ശമാണ് അധ്യാപകരുടെ പ്രതിഷേധത്തിനു കാരണമായത്. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്ദേശമുണ്ടെന്നതരത്തില് ഡിഡി കഴിഞ്ഞദിവസം സ്കൂളിലെത്തി വിസിറ്റേഴ്സ് ഡയറിയില്‍ കുറിപ്പെഴുതി.
എന്നാല്‍ ഫിറ്റ്നസില്ലാത്ത ക്ലാസ് ജിഎം മുറിയില്‍ വിദ്യാര്‍ഥികളെ ഇരുത്തരുതെന്ന് അധ്യാപകര്‍ക്ക് നേരത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നതായി അധ്യാപകര്‍ പറയുന്നു. ഡിജിയുടെ നിര്‍ദേശത്തിനു വിരുദ്ധമായി അധ്യാപകരെ ഡിഡി ഭീഷണിപ്പെടുത്തുകയാണെന്ന് അധ്യാപകരും ആരോപിച്ചു.
ഡിഡിയുടെ ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇരുപതോളം അധ്യാപകര്‍ കലോത്സവ വേദിയിലെത്തി പ്രതിഷേധിച്ചത്. ഡിഡി വിസിറ്റേഴ്സ് ഡയറിയില്‍ കുറിപ്പിട്ട പ്ര കാരം ഡിജിഇയുടെ നിര്‍ദേശം ഇക്കാര്യത്തില്‍ ഉണ്ടോയെന്ന് അധ്യാപകര്‍ നേരിട്ട് അന്വേഷിച്ചെങ്കിലും താന്‍ ഇങ്ങനെയൊരു അറിയിപ്പ് ഡിഡിയ്ക്ക് നല്‍കിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അധ്യാപകര്‍ പറഞ്ഞു.