റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം: രണ്ടാംദിനം കളറാക്കി വേദികളില്‍ ആളിറക്കം
1376370
Thursday, December 7, 2023 12:32 AM IST
ആറ്റിങ്ങല്‍: ആദ്യ ദിനത്തില്‍ നിറം മങ്ങിപ്പോയ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം കളറാക്കാന്‍ രണ്ടാം ദിനത്തില്‍ വേദികളിലേക്ക് കാണികള്‍ ഒഴുകിയെത്തി. കലോത്സവത്തിലെ ഗ്ലാമര്‍ ഇനങ്ങളായ നൃത്ത മത്സരങ്ങളിലൂടെ അരങ്ങുണര്പ്പോഴാണ് കാണികളുടെ എണ്ണം കൂടിയത്.
ജനപ്രിയ ഇനമായ ഒപ്പന ആരംഭിച്ചതു മുതല്‍ ആറ്റിങ്ങല്‍ ഗവ. ബോയ്സ് എച്ച്എസ്എസിലെ നാലാം വേദിയില്‍ കാണികള്‍ തിങ്ങി നിറഞ്ഞു. കുച്ചിപ്പുടി, നാടോടിനൃത്തം, ഭരതനാട്യം തുടങ്ങിയ ഇനങ്ങളിലെ മത്സരങ്ങളെല്ലാം അരങ്ങേറിയത് നിറഞ്ഞ സദസില്‍. ഇതോടെ മത്സരാര്‍ഥികളുടെ ആവേശവും വര്‍ധിച്ചു.
പതിഞ്ഞ താളത്തില്‍ തുടങ്ങിയ കലോത്സവ ആഘോഷത്തിന് പെട്ടന്നൊരു ദ്രുതതാളം. അരങ്ങില്‍ മത്സരാവേശവും സദസില്‍ ആഘോഷത്തിന്റെ അലയൊലികളും ഉണ്ടായെങ്കിലും സംഘാടനത്തിലെ പിഴവുകള്‍ രണ്ടാം ദിനത്തിലും തുടര്‍ന്നു. പിഴവുകള്‍ തീര്‍പ്പാക്കാൻ സംഘാടകര്‍ പാടുപെട്ടു.
മത്സരങ്ങള്‍ മണിക്കൂറുകള്‍ വൈകുന്നത് ഇന്നലെയും തുടര്‍ന്നു. മത്സരാര്‍ഥികള്‍ കൃത്യസമയത്ത് വേദിയില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതാണ് മത്സരങ്ങള്‍ വൈകാന്‍ കാരണമെന്നാണ് സംഘാടകരുടെ വാദം. പലരേയും ഫോണില്‍ വിളിച്ചാൽ കിട്ടുന്നില്ലെന്നും വേദി നിയന്ത്രിക്കുന്നവരുടെ പരാതി.
അതേസമയം ഒന്നിലേറെ ഇനങ്ങളില്‍ മത്സരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരേസമയം രണ്ടു വേദികളില്‍ ഓടിയെത്താന്‍ കഴിയുന്നില്ലെന്നു രക്ഷിതാക്കളും പറയുന്നു. മത്സരങ്ങല്‍ മണിക്കൂറുകള്‍ വൈകിയതോടെ വേഷമിട്ട വിദ്യാര്‍ഥികള്‍ ഭക്ഷണം പോലും കഴിക്കാതെ വേദിക്കരികില്‍ ഊഴംകാത്തു തളര്‍ന്നിരുന്നു. പലരും മത്സരം കഴിഞ്ഞതോടെ അവശരായി.
ഒപ്പന മത്സരവേദിയില്‍ മത്സരശേഷം ആറോളം വിദ്യാര്‍ഥികള്‍ കുഴഞ്ഞു വീണു. ചില വേദികളില്‍ മതിയായ വായുസഞ്ചാരമില്ലാ ത്തതാണ് കാരണമെന്നാണ് വിദ്യാര്‍ഥികളില്‍ ചിലര്‍ പറയുന്നു. രാവിലെ 11ന് ഒന്നാം വേദിയില്‍ ആരംഭിക്കേണ്ടിയിരുന്ന യുപി വിഭാഗം നാടോടി നൃത്തമത്സരം മണിക്കൂറുകള്‍ വൈകി.
ഇതോടെ ഈ വേദിയില്‍ നടക്കാനിരുന്ന മറ്റു മത്സരങ്ങളും വൈകി. വൈകുന്നേരം നാലിന് തുടങ്ങേണ്ടിയിരുന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ നാടോടിനൃത്തം ആരംഭിച്ചത് ആറരയോടെ. നൃത്തയിനങ്ങളിലെ മത്സരവേദികളിലെല്ലാം രാത്രി വൈകിയും മത്സരം തുടർന്നു.
സാങ്കേതിക തകരാറുകള്‍ മത്സരാര്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ വലച്ചു. ഭരതനാട്യ മത്സരവേദിയിലും നാടക മത്സരവേദിയിലുമാണ് മൈക്ക് തകരാര്‍ തലവേദന സൃഷ്ടിച്ചത്. മൈക്ക് തകരാറിനെ തുടര്‍ന്ന് രണ്ട് വേദികളിലും ഏറെ നേരം മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. ഇതിനെ ചൊല്ലി രക്ഷിതാക്കളും സംഘാടകരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.
നൃത്ത മത്സരവേദികളില്‍ ആവശത്തിനൊപ്പം ആരോപണങ്ങളും നിറഞ്ഞു. വിധികര്‍ത്താക്കള്‍ കോഴ വാങ്ങി അനര്‍ഹര്‍ക്ക് ഒന്നാം സ്ഥാനം നല്‍കുന്നെന്നാണ് ചില രക്ഷിതാക്കളുടെ പരാതി. ആരോപണവുമായി ബന്ധപ്പെട്ട് വേദികളില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ടെങ്കിലും എവിടെയും കാര്യങ്ങള്‍ കൈവിട്ടു പോയ സംഭവങ്ങള്‍ ഉണ്ടായില്ല എന്നത് സംഘാടകര്‍ക്ക് ആശ്വാസം.
രണ്ടാം ദിനത്തില്‍ നൃത്തയിനങ്ങള്‍ കാണികളെ ആവേശം കൊള്ളിച്ചത് നൃത്തയിനങ്ങളായിരുന്നെങ്കില് മൂന്നാം ദിനമായ ഇന്നു ജനപ്രിയ ഇനങ്ങളായ മാര്‍ഗംകളി, കോല്‍ക്കളി, ചവിട്ടുനാടകം തുടങ്ങിയ മത്സരങ്ങളാണ് ആവേശത്തിന്റെ അലയൊലികള്‍ തീര്‍ക്കാന്‍ വേദിയില്‍ അരങ്ങേറുക.