നെയ്യാറ്റിന്‍കര നഗരസഭാ പരിധിയിൽ തെരുവുനായശല്യം രൂക്ഷമാകുന്നു
1376362
Thursday, December 7, 2023 12:18 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലെ പാതയോരങ്ങളില്‍ തെരുവു നായകളുടെ സാന്നിധ്യം ഭീതികരമായി തുടരുന്നു.
ബാലരാമപുരം- നെയ്യാറ്റിന്‍കര പാതയില്‍ പലയിടത്തും തെരുവു നായ്ക്കള്‍ അലഞ്ഞു നടക്കുന്നതും പാതയരികില്‍ വിശ്രമിക്കുന്നതും കാണാം. കൂട്ടത്തോടെയാണ് ഇവയുടെ സഞ്ചാരം. സമീപകാലത്ത് ഇവയുടെ വർദ്ധനവ് കാരണം കുട്ടികളെ സ്കൂളില്‍ ഒറ്റയ്ക്ക് വിടാന്‍ ഭയമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
റോഡരികിലെ കുറ്റിക്കാടുകളിലേയ്ക്കും മറ്റും വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് തെരുവു നായകളുടെ മുഖ്യ ആഹാരകേന്ദ്രം. മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കുറ്റകരമാണെന്ന നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് പതിപ്പിച്ച ബോര്‍ഡ് നഗരസഭ പരിധിയില്‍ ജംഗ്ഷനുകളിലൊക്കെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യക്കൂന്പാരങ്ങള്‍ അങ്ങിങ്ങ് ബാക്കിയാണ്.
ഇരുചക്രവാഹന യാത്രികര്‍ക്കാണ് ഇവയുടെ ശല്യം ഏറ്റവുമധികം ബാധിക്കുന്നത്. നിരവധി പരാതികൾ നൽകിയെങ്കിലും അധികൃതര്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.