യുവഡോക്ടറുടെ മരണം; അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ ഉത്തരവ്
1376355
Thursday, December 7, 2023 12:18 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജിലെ പിജി ഡോക്ടര്‍ ഷഹാനയുടെ (27) മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടു.
സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണമുണ്ടായ സാഹചര്യത്തിലാണ് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
തുടര്‍ന്ന് കമ്മീഷന് ഭാരവാഹികള്‍ ഷഹാനയുടെ വെഞ്ഞാറമൂട്ടിലെ വീട് സന്ദര്‍ശിക്കുകയും മാതാവ്, സഹോദരന് എന്നിവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യുകയുണ്ടായി. അതേസമയം സഹോദരന്റെ മൊഴിയില്‍ മെഡിക്കല്‍കോളജ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷഹാനയുടെ സഹപാഠിയും ഏകദേശം സമപ്രായക്കാരനുമായ യുവ പിജി ഡോക്ടര്‍ക്കെതിരേയാണ് അന്വേഷണം നടന്നുവരുന്നത്.
ഭീമമായ സ്ത്രീധനം ചോദിച്ചത് നല്കാന് യുവതിയുടെ കുടുംബത്തിന് സാധിച്ചില്ല. എങ്കിലും മകളുടെ ആഗ്രഹം കണക്കിലെടുത്ത് മാതാവും സഹോദരനും തങ്ങളെക്കൊണ്ട് സാധിക്കുന്നതു നല്‍കാമെന്ന് അറിയിച്ചിരുന്നതാണ്.
എന്നിട്ടും വിവാഹത്തില്‍ നിന്നു പിന്മാറിയതാണ് പ്രശ്നത്തിനു കാരണമെന്നാണ് സൂചന. ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ യുവ ഡോക്ടറെ പോലീസ് വിശദമായി ചോദ്യം ചെയ്തേക്കും.