മാറനല്ലൂർ ആക്രമണം : പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
1376137
Wednesday, December 6, 2023 5:46 AM IST
കാട്ടാക്കട: മാറനല്ലൂർ ആക്രമണത്തെതുടർന്ന് പോലീസ് പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. സിപിഎം ഊരൂട്ടമ്പലം ലോക്കല്‍ കമ്മിറ്റിയംഗം വണ്ടന്നൂര്‍ കിഴക്കുംകര പുത്തന്‍വീട്ടില്‍ അഭിശക്ത്(29), സിപിഎം പ്രവര്‍ത്തകനായ മേലാരിയോട് ദിലീപ് ഭവനില്‍ പ്രദീപ്(37), ഡിവൈഎഫ്ഐ മുന്‍ യൂണിറ്റ് സെക്രട്ടറി മേലാരിയോട് പുത്തന്‍ വീട്ടില്‍ വിഷ്ണു (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മദ്യലഹരിയിലായിരുന്നു പ്രതികൾ ആക്രമണം നടത്തിയതെന്നും , പിടിയിലായവർ നിരവധി കേസുകളിലെ പ്രതികളാണെന്നും കാട്ടാക്കട ഡിവൈഎസ്പി ഷിബു പറഞ്ഞു. കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നരയോടുകൂടിയാണ് മൂന്നംഗ സംഘം മാറനല്ലൂർ പ്രദേശത്ത് ആക്രമണം നടത്തിയത്. ഐഎന്‍ടിയുസി മൂന് മാറനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് മണ്ണടിക്കോണം മഞ്ഞറമൂല സ്വദേശി കുമാറിന്റെ വീട്ടിലെ ജനല്‍ ചില്ലകള്‍ അടിച്ചു തകര്‍ത്തായിരുന്നു പ്രതികൾ ആക്രമണത്തിനു തുടക്കമിട്ടത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ കുമാറിനു നേരെ സംഘം വാളോങ്ങി ഭീകാരന്തരീക്ഷം സ്യഷ്ടിക്കുകയായിരുന്നു. കുമാര്‍ വാതിലടച്ചെങ്കിലും വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
തുടര്‍ന്നാണ് പ്രദേശത്തെ പലയിടങ്ങളിലും പാതയോരത്തും, വീടിന് പുറത്തും പാര്‍ക്ക് ചെയ്തിരുന്ന കാറും, ബൈക്കുകളും, ടിപ്പര്‍ ലോറിയും പ്രതികൾ അടിച്ചു തകർത്തു. സിപിഎം പ്രവര്‍ത്തകനായിരുന്ന കുമാര്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ ചേര്‍ന്നതിനുശേഷം ഇത് രണ്ടാം തവണയാണ് കുമാറിന്റെ വീടിനു നേരെ ആക്രമണം നടക്കുന്നത് .