കാരോട് പഞ്ചായത്ത് പ്രസിഡന്റിനെതിരേ ഒന്നിച്ച് അവിശ്വാസം ഒപ്പിട്ട് കോൺഗ്രസും സിപിഎമ്മും
1376136
Wednesday, December 6, 2023 5:46 AM IST
പാറശാല: കാരോട് പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കാൻ ഒന്നിച്ച് അവിശ്വാസം ഒപ്പിട്ട് കോൺഗ്രസും സിപിഎമ്മും. കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നുവന്ന രാജേന്ദ്രന് നായർക്കെതിരെയാണ് നീക്കം.
പാറശാല ബിഡിഒയ്ക്കാണ് ഒപ്പിട്ട അവിശ്വാസം നൽകിയത്.പ്രമേയത്തില്‍ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും ,അഞ്ച് സിപിഎം അംഗങ്ങളും, ഒരു സിപിഐ അംഗവും ഒപ്പിട്ടിട്ടുണ്ട്.
നിലവില്‍ കാരോട് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് 10 അംഗങ്ങളാണുള്ളത് .
കോണ്‍ഗ്രസ് വിമതയായിമത്സരിച്ച് ജയിച്ച ഒരു അംഗവും കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്നു. കാരോട് പഞ്ചായത്തിലെ 19 വാര്‍ഡുകളിൽ കോണ്‍ഗ്രസിനു 10, സിപിഎം അഞ്ച്, സിപിഐ ഒന്ന്, ബിജെപി രണ്ട്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
കഴിഞ്ഞ മൂന്നുമാസമായി കാരോട് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ വ്യാപകമായ തര്‍ക്കം നിലനിന്നിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പഞ്ചായത്ത് ഭരണം യുഡിഎഫ് ഏറ്റെടുത്തതോടെ നിലവിലെ പ്രസിഡന്റ് രാജേന്ദ്രന് നായര്‍ക്ക് രണ്ടര വര്‍ഷവും ബാക്കിയുള്ള രണ്ടര വര്‍ഷക്കാലം സി.എ.ജോസിനുമായിരുന്നു ധാരണയെന്നാണ് കോണ്‍ഗ്രസിന്റെ ഒരു വിഭാഗം നേതൃത്വം സൂചിപ്പിക്കുന്നത്.
എന്നാല്‍ ഇത്തരത്തില്‍ കരാറൊന്നും തീരുമാനിച്ചിരുന്നുല്ലെന്നാണ് നിലവിലെ പ്രസിഡന്റ് രാജേന്ദ്രൻ നായർ അവകാശപ്പെടുന്നത്. കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കര്‍ശന നിലപാട് സ്വീകരിച്ചിട്ടും രാജിവയ്ക്കാന്‍ തയ്യാറാകാത്ത രാജേന്ദ്രന് നായരെ നേരത്തെ തന്നെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. അവിശ്വാസ പ്രമേയം പാസാക്കുന്നതിനോടൊപ്പം സി .എ .ജോസിന് പ്രസിഡന്റ് സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം അംഗവും ആയിരിക്കുമെന്നതാണ് സൂചനകള്‍ പുറത്തുവരുന്നത്.