റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു
1376135
Wednesday, December 6, 2023 5:22 AM IST
ആറ്റിങ്ങൽ: തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു . ഇക്കുറി 307 മത്സരയിനങ്ങളിൽ 12 ഉപജില്ലകളിൽ നിന്നായി 6471 വിദ്യാർഥികൾ മാറ്റുരയ്ക്കും.
ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചും, ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ എന്നിവിടങ്ങളിൽ മൂന്ന് വേദികൾ വീതവും, ടൗൺ യുപിഎസ്, ഡിഇ ഓഫീസ്, ഗവ.കോളജ് ഗ്രൗണ്ട് എന്നിവയടക്കം 14 വേദികളിലുമായാണ് കലോത്സവം അരങ്ങേറുന്നത്.
ദേശീയ പാതയുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് വേദികൾ ക്രമീകരിച്ചിരിക്കുന്നത്. പ്രധാന വേദിയായ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെ ഒമ്പതിന് ഒ.എസ്.അംബിക എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി അധ്യക്ഷത വഹിക്കും.
ആറു വർഷത്തിന് ശേഷം ആറ്റിങ്ങലിൽ
ആറുവർഷത്തിന് ശേഷമാണ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ആറ്റിങ്ങൽ വേദിയാകുന്നത്. 2017 ലാണ് അവസാനമായി വേദിയായത്. അന്ന് ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആയിരുന്നു പ്രധാന മത്സരവേദിയായത്.
ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ഗവ. കോളജ് മൈതാനത്താണ് കലോത്സനത്തിനായുള്ള ഊട്ടുപ്പുര ഒരുക്കിരിക്കുന്നത്. പ്രധാന വേദിയിൽ മത്സരാർഥികൾ പേര് രജിസ്ട്രർ ചെയ്ത് കഴിഞ്ഞാൽ മത്സരം നടക്കുന്ന സ്റ്റേജിലേയ്ക്ക് പോകാം . മത്സരങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അറിയിപ്പുകൾ യഥാസമയം നൽകും.