ആനവണ്ടിയിൽ 1988 - 90 ബാച്ചിലെ പൂർവ വിദ്യാർഥികളുടെ ഉല്ലാസയാത്ര
1376131
Wednesday, December 6, 2023 5:22 AM IST
നെടുമങ്ങാട് : നെടുമങ്ങാട് ഗവ. കോളജിലെ പ്രീ ഡിഗ്രി 1988 - 90 ബാച്ചിലെ പൂർവ വിദ്യാർഥികളുടെ കുട്ടായ്മ കെഎസ്ആർടിസി ബസിൽ ഉല്ലാസയാത്ര സംഘടിപ്പിച്ചു.
പൊൻമുടി, മീൻമൂട്ടി വെള്ളച്ചാട്ടം , മങ്കയം ആനക്കയം , കല്ലാർ എന്നിവിടങ്ങളിലേയ്ക്ക് "അൻപതാണ്ടിന്റെ നിറവിൽ ആനവണ്ടിയിൽ ഒരു ദിനം' എന്ന പേരിലാണ് യാത്ര സംഘടിപ്പിച്ചത്.
കെഎസ്ആർടിസി വിതുര ഡിപ്പോയുടെ കട്ട് ചെയ്സ് ബസിലാണ് യാത്ര സംഘടിപ്പിച്ചത്. കെഎസ്ആർടിസി ജീവനക്കാരായ സനോഫറും, സന്തോഷും യാത്രാ വാഹനത്തിന്റെ അമരക്കാരായി.
വാഴയിലയിൽ പൊതിഞ്ഞെടുത്ത നാടൻ ചമ്മന്തിയും , കടുമാങ്ങാ അച്ചാറും , പുളിയും മുളകും , മുട്ട പൊരിച്ചതും, മീൻ വറുത്തതും , കപ്പ കറിയും , വെണ്ടക്ക വിഴുക്കും, നെയ്ച്ചോറും ചിക്കനും അടങ്ങിയ വിഭവങ്ങൾ യാത്രയിൽ രുചിക്കൂട്ട് പകർന്നു.
പോയകാലത്തിന്റെ ഗൃഹാതുരതയുണർത്തി കൂട്ടുകാർ മീൻമൂട്ടി വെള്ളച്ചാട്ടത്തിന്റെ വശ്യ മനോഹാരിതയിൽ ഒരുമിച്ചിരുന്ന് പൊതിച്ചോറ് പങ്കിട്ടു കഴിച്ചു.
ഭൂതകാലത്തിലെ കുസൃതിത്തരങ്ങൾ രസകരങ്ങളായ നിമിഷങ്ങൾ പങ്ക് വെച്ചാസ്വദിച്ചു. യാത്രയ്ക്ക് ഉല്ലാസമേകുവാൻ കവിത ചൊല്ലലും , ഗാനാലാപനവും , നൃത്തവും , കരോക്കെ ഗാനവും ഉണ്ടായിരുന്നു. രാവിലെ എട്ട്ന് കോളജിൽ നിന്നും ആരംഭിച്ച യാത്ര വൈകുന്നേരം 7.30 ന് സമാപിച്ചു.