ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറം പകർന്ന് ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ
1375909
Tuesday, December 5, 2023 4:21 AM IST
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങൾക്കു നിറം പകർന്നു ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. വൈകുന്നേരം നാലരയോടെ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു.
ക്രിസ്മസ് എക്കാലവും സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തി പരസ്പരം സ്നേഹം പങ്കുവയ്ക്കുന്ന ദിനങ്ങളാണ് നമുക്ക് സമ്മാനിക്കുന്നതെന്നു ക്രിസ്മസ് സന്ദേശത്തിൽ ഫാ. ആന്റണി ഇളംതോട്ടം സിഎംഐ പറഞ്ഞു. സ് കൂൾ മാനേജർ ഫാ. പോൾ മങ്ങാട് സിഎംഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. സേവ്യർ അന്പാട്ട് സിഎംഐ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഗായകൻ അനൂപ് കോവളം ആശംസകൾ അർപ്പിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി നൂറ്റന്പതോളം കുട്ടികൾ പങ്കെടുത്ത ക്രിസ്മസ് ക്വയർ, ക്രിസ്മസ് ട്രീ ആൻഡ് ക്രിബ് മത്സരങ്ങൾ, സ്കിറ്റ്, നൃത്തപരിപാടി തുടങ്ങിയ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അക്കാദമിക് തലത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാരം ഫാ. ആന്റണി ഇളംതോട്ടം സിഎംഐ വിതരണം ചെയ്തു.
വൈസ് പ്രിൻസിപ്പൽ ഫാ. റോബിൻ പതിനാറിൽചിറ സിഎംഐ വിശിഷ്ടാതിഥികൾക്ക് ഉപഹാരം സമ്മാനിച്ചു. ഫാ. ജിമ്മി മൂലയിൽ സിഎംഐ, ഫാ. മാത്യു തെങ്ങുംപള്ളി സിഎംഐ, ഫാ. തോമസ് ചെന്നാട്ടുശേരി സിഎംഐ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ ഹെഡ് ഗേൾ കുമാരി ഗൗരി എ. സുനോജ് സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ് ബോയ് മാസ്റ്റർ ആദർശ് മാത്യു റെജി കൃതജ്ഞത രേഖപ്പെടുത്തി. പ്രോഗ്രാം കണ്വീനർമാരായ ജിജി ജോർജ്, ജി. ദേവദാസ്, സിന്ധു രഘുവരൻ തുടങ്ങിയവർ നേതൃത്വം നൽകി.