കുഞ്ഞാമന് അന്ത്യാഞ്ജലിയേകി നാട്
1375903
Tuesday, December 5, 2023 4:20 AM IST
തിരുവനന്തപുരം: പ്രമുഖ സാന്പത്തിക വിദഗ്ധനും ദളിത് ചിന്തകനും എഴുത്തുകാരനുമായ ഡോ. എം കുഞ്ഞാമന് തലസ്ഥാനത്തിന്റെ അന്ത്യാഞ്ജലി.
ഇന്നലെ വൈകുന്നേരം നാലിന് അദ്ദേഹത്തിന്റെ ഭൗതിക ശരീരം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. നേരത്തെ കുഞ്ഞാമൻ തന്നെ നിഷ്കർഷിച്ചതനുസരിച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു സംസ്കാരം. ജാതി വിവേചനത്തോടും ദാരിദ്ര്യംനിറഞ്ഞ ചുറ്റുപാടുകളോടും ബൗദ്ധികതകൊണ്ട് പോരാടി ഉന്നത ബിരുദങ്ങൾ നേടി ലോകം അറിയുന്ന സാന്പത്തിക ശാസ്ത്ര വിദഗ്ധനായി മാറിയ കുഞ്ഞാമന് കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യ സാന്പത്തിക മേഖലകളിലെ പ്രമുഖരുൾപ്പെടെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻഎംഎൽഎ തുടങ്ങിയവരും അക്കാദമിക് രംഗത്തെ പ്രമുഖരും ഗവേഷണ വിദ്യാർഥികളും അടക്കം നിരവധി പേർ ശ്രീകാര്യത്തെ വീട്ടിലും സംസ്കാരം നടന്ന തൈക്കാട് ശാന്തികവാടത്തിലും എത്തി അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.
1949 ഡിസംബർ മൂന്നിന് ജനിച്ച കുഞ്ഞാമൻ തന്റെ 75-ാം പിറന്നാൾ ദിനമായ ഡിസംബർ മൂന്നിന് തന്നെയാണ് മരിച്ചതും. അമേരിക്കയിലുള്ള മകൾക്ക് എത്താൻ കഴിഞ്ഞില്ല.
മലപ്പുറത്ത് ചികിത്സയിലായിരുന്ന ഭാര്യ രോഹിണിയും ബന്ധുക്കളും ഇന്നലെ രാവിലെ തിരുവനന്തപുരത്തെത്തി. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഭാര്യയും ബന്ധുക്കളും ചേർന്ന് ഭൗതികശരീരം എറ്റുവാങ്ങി. തുടർന്ന് രാവിലെ 11 ഓടെ ഭൗതികദേഹം ശ്രീകാര്യം വെഞ്ചാവോട്ടെ വീട്ടിലെത്തിച്ചു. വീട്ടിലെ പൊതുദർശനത്തിനു ശേഷം വൈകുന്നേരം നാലോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടന്നു.
പ്രഫ. കുഞ്ഞാമന്റെ നിര്യാണത്തിൽ അനുശോചനം
തിരുവനന്തപുരം: പ്രമുഖ സാന്പത്തിക ശാസ്ത്രജ്ഞനും കേരളസർവകലാശാല ധനകാര്യ വിഭാഗം മുൻ പ്രഫസറും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അംഗവുമായിരുന്ന പ്രഫ. ഡോ. എം.കുഞ്ഞാമന്റെ നിര്യാണത്തിൽ കേരളസർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അനുശോചനം രേഖപ്പെടുത്തി.