വലിയവേളി കടപ്പുറത്ത് തിമിംഗലസ്രാവ് കരയ്ക്കടിഞ്ഞു
1375902
Tuesday, December 5, 2023 3:48 AM IST
പേരൂർക്കട: വലിയവേളി കടപ്പുറത്ത് തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു. ഇന്നലെ രാവിലെ 10.15 ഓടുകൂടിയാണ് തിമിംഗല സ്രാവിനെ വലിയവേളി കടപ്പുറത്ത് കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
പരിസര വാസികള്‍ സ്രാവിനെ കാണുമ്പോള്‍ ജീവനുണ്ടായിരുന്നു. ഉടന്‍ തന്നെ ഇതിനെ രക്ഷപ്പെടുത്തുന്നതിനു വേണ്ടി സമീപവാസികള്‍ ചാക്ക ഫയര്‍ഫോഴ്സ് അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ അധികൃതര്‍ എത്തിയപ്പോഴെയ്ക്കും തിമിംഗല സ്രാവ് ചത്തിരുന്നു. ഫയര്‍ ഫോഴ്സ് അധികൃതര്‍ വിവരം തുമ്പ പൊലീസില്‍ അറിയിച്ച ശേഷം മടങ്ങി.
എന്നാല്‍ തിമിംഗല സ്രാവിനെ ഇന്നലെ രാത്രി വരെയും ഭാര കൂടുതല്‍ കാരണം കടപ്പുറത്തുനിന്നും നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല. ക്രെയിനിന്റെ സഹായത്താല്‍ മാത്രമേ ഇതിനെ നീക്കം ചെയ്യാന്‍ സാധിക്കുകയുളളു എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയതാണോയെന്നും നാട്ടുകാര്‍ക്കിടയില്‍ സംശയമുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിനായി ഉടന്‍ തന്നെ നീക്കം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചത്.