ദുബായിൽ ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
1375834
Monday, December 4, 2023 11:19 PM IST
വിഴിഞ്ഞം: അടിമലത്തുറ സ്വദേശിയായ യുവാവ് ദുബായിൽ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. അടിമലത്തുറ ജോഷി ഹൗസിൽ തദയൂസിന്റെയും സോഫിയയുടെയും മൂത്തമകനായ ജോഷി തദയൂസ് (23) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചുവെന്ന് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ദുബായിലെ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു.
ജോലിക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീണിരുന്നു. തുടർന്ന് മറ്റു ജീവനക്കാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ദുബായിൽ ജോലിക്ക് പ്രവേശിച്ച് ഏതാണ്ട് ഒരുമാസം പിന്നിടുമ്പോഴാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു.
ജോഷിയുടെ അച്ഛൻ തദയൂസും ദുബായിൽ ഹോട്ടൽ ജീവനക്കാരനാണ്. സഹോദരൻ ജോയി തദയൂസ്. ദുബായിലെ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.