പാളയം മതസൗഹാർദത്തിന്റെ പ്രതീകം: അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി
1375674
Monday, December 4, 2023 1:21 AM IST
തിരുവനന്തപുരം: നൂറ്റാണ്ടുകൾ പാരന്പര്യമുള്ള സെന്റ് ജോസഫ്സ് മെട്രോപ്പൊലീറ്റൻ കത്തീഡ്രൽ ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്ന പാളയം തലസ്ഥാന നഗരിയിലെ മതസൗഹാർദത്തിന്റെ പ്രതീകമാണെന്നു തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായി.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിന്റെ 150-ാം വാർഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. കുട്ടിക്കാലത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പോകുന്പോൾ പാളയം പള്ളി കൗതുകത്തോടെ ശ്രദ്ധിക്കുമായിരുന്നു.
പള്ളിയിലെ ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ഇത് ക്രിസ്മസ് കാലമാണ്. കുഞ്ഞുനാളിൽ കരോൾ സംഘങ്ങൾ കൊട്ടാരത്തിലെത്തുകയും വലിയ മെഴുകുതിരികൾ നല്‍കുക യും ചെയ്തത് ഓർമയിലുണ്ട്. കൊട്ടാരത്തിൽ ക്രിസ്മസ് കരോളുമായി എത്തുന്നവർക്ക് ചിത്തിരതിരുനാൾ മഹാരാജാവ് ചോക്ലേറ്റ് ഉൾപ്പെടെയുള്ള മധുരപലഹാരങ്ങൾ സമ്മാനിച്ചതും ഓർക്കുന്നു. ഓരോ സമുദായങ്ങളും സമൂഹത്തിന്റെ നന്മയുടെ ചാലകശക്തിയായി പ്രവർത്തിക്കണമെന്നും ഗൗരി ലക്ഷ്മിഭായി കൂട്ടിച്ചേർത്തു.
ദേവാലയം ഒരു തണൽ മരമാണെന്നു അധ്യക്ഷത വഹിച്ച തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോ അഭിപ്രായപ്പെട്ടു. മതസൗഹാർദത്തിന്റെ വലിയ അനുഭവം സംഭാവനചെയ്ത ദേവാലയമാണ് പാളയം പള്ളിയെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു. എമരിറ്റസ് ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം അനുഗ്രഹപ്രഭാഷണം നടത്തി. ഇടവക വികാരി. മോണ്‍. ഇ.വിൽഫ്രഡ്, മോണ്‍. സി. ജോസഫ്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, കൊല്ലം തുളസി തുടങ്ങിയവർ പങ്കെടുത്തു.