കണ്ടല സഹകരണ ബാങ്ക് ക്രമക്കേട് : ബോർഡ് മുൻ അംഗങ്ങൾക്കും സെക്രട്ടറിക്കും ഉൾപ്പെടെ ഇഡി നോട്ടീസ്
1375673
Monday, December 4, 2023 1:21 AM IST
കാട്ടാക്കട: കണ്ടല സഹകരണ ബാങ്ക് മുൻ ബോർഡ് അംഗങ്ങൾക്കും സെക്രട്ടറിക്ക് ഉൾപ്പെടെ ഇഡി നോട്ടീസ്. ഇവർക്ക് ഇന്ന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
കണ്ടല ബാങ്ക് സെക്രട്ടറി, ഭാസുരാംഗനുമായി ബാങ്ക് ഇടപാടുകൾ ഉൾപ്പെടെ നടത്തിയിട്ടുള്ള മാറനല്ലൂർ സ്വദേശി നടരാജൻ, അനിൽകുമാർ, മാറനല്ലൂർ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപൻ, മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ ഉൾപ്പെടെയുള്ളവർക്കാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിട്ടുള്ളത്. ഗോപൻ 3.5 കോടിയോളം രൂപ ബാങ്കിൽ നിന്നും വായ്പ തരപ്പെടുത്തിയിട്ടുണ്ട്. ഇത് ഭാസുരാംഗന്റെ ബിനാമി ഇടപാടാണെന്നു കണ്ടെത്തിയിട്ടുണ്ട്.
കണ്ടല ബാങ്കിലെ മുൻ ബോർഡ് അംഗവും മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമായ സുരേഷ് കുമാറിന്റെ പേരിൽ കോടികളുടെ വസ്തു വകകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് കുമാറിന് ഇഡി നോട്ടീസ് നൽകിയതെന്നാണ് അറിയുന്നത്. കണ്ടല ബാങ്കിലെ ക്രമക്കേട് കണ്ടെത്തിയ 65 അന്വേഷണത്തിനുശേഷം പുതിയ ഭരണസമിതി അധികാരത്തിൽ വന്നിരുന്നു. ഇതിൽ ഒരു ബോർഡംഗം മാറനല്ലൂർ പഞ്ചായത്തിലെ പ്രസിഡണ്ട് സുരേഷ് കുമാർ ആയിരുന്നു.
ഒരു വസ്തു തന്നെ പണയപ്പെടുത്തി ലക്ഷങ്ങൾ ഈ ബാങ്കിൽനിന്നും വായ്പ എടുത്തിട്ടുള്ള തായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇയാളുടെയും ഭാര്യയുടെയും അമ്മയുടെയും പേരിൽ എംഡിഎസ് ചിട്ടി ഉൾപ്പെടെ 85 ലക്ഷത്തോളം രൂപയാണ് കണ്ടല സഹകരണ ബാങ്കിൽ കുടിശികയുള്ളത്. 45 ലക്ഷത്തോളം രൂപയുടെ കുടിശിക പുതുക്കിവച്ച് ബാധ്യത തീർത ശേഷമാണ് ഇദ്ദേഹം ഭരണസമിതി അംഗമായത്.
എന്നാൽ ഇഡി അന്വേഷണം തുടങ്ങിയതോടെ സുരേഷ് കുമാർ കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡന്റും മിൽമ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗവുമായ ഭാസുരംഗന്റെ ബിനാമിയാണ് എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു.
അതേസമയം ഇപ്പോൾ സുരേഷിന്റെ പേരിൽ ചീനിവിളയിൽ വെള്ളൂർകോണത്തുള്ള അഞ്ച് സെന്റ് ഭൂമി ആകെ ഒന്നരലക്ഷം രൂപ പ്രമാണത്തിൽ കാണിച്ച് പന്ത്രണ്ടായിരത്തോളം രൂപ മാത്രം കരം അടച്ച് വസ്തുവാങ്ങിയ വനിതയായ ഉടമ 26 ലക്ഷത്തോളം രൂപയാണ് കണ്ടല സഹകരണ ബാങ്കിൽ സുരേഷിന്റെ ബാധ്യത തീർക്കാനായി അക്കൗണ്ടിൽ നിക്ഷേപിച്ചത്. ഇത് വസ്തുവിന്റെ യഥാർത്ഥ വാണിജ്യ വിലയാണ് എന്നാണ് കണക്കാക്കുന്നത്. ഇതിനു പുറമേ ആറുലക്ഷം രൂപ പണമായും സുരേഷ് കണ്ടല ബാങ്കിൽ അടച്ചിട്ടുണ്ട്.
ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയാണ് വൻ തുക കരം ഇനത്തിൽ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഉരുട്ടമ്പലം സബ് രജിസ്റ്റർ ഓഫീസിൽ 1506 ഡോക്യുമെന്റ് പ്രകാരം നടന്ന രജിസ്ട്രേഷനിൽ ആണ് ക്രമക്കേട് നടന്നിട്ടുള്ളത്.
സാധാരണ നിർധന കുടുംബത്തിലെ അംഗമായിരുന്ന സുരേഷ് ഇപ്പോൾ കോടികളുടെ ആസ്തിയുള്ള വ്യക്തിയാണ്. കൂലി പ്പണിക്കാരനായും, ബാലരാമപുരം ബാങ്കിൽ കളക്ഷൻ ഏജന്റാ യും ഉപജീവനം കണ്ടെത്തിയ സുരേഷ്കുമാർ മാറനല്ലൂർ പഞ്ചായത്തിൽ വാർഡ് അംഗമായും, വൈസ് പ്രസിഡന്റായും ഒടുവിലിപ്പോൾ പഞ്ചായത്ത് പ്രസിഡന്റായും മാറി. പഞ്ചായത്ത് ഓണറേറിയം മാത്രം പറ്റി ഒൻപത് വർഷം കൊണ്ട് ഏക്കർ കണക്കിന് ഭൂമിയുടെയും കെട്ടിടങ്ങളുടെയും അഞ്ചേക്കറോളം വരുന്ന ഫാമിന്റേയും ഉടമയാണ്.