കഞ്ചിയൂർക്കോണം റോഡ് പൊട്ടിപ്പൊളിഞ്ഞു
1375658
Monday, December 4, 2023 1:20 AM IST
കാട്ടാക്കട: കാട്ടാക്കട കഞ്ചിയൂർക്കോണം റോഡ് പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിൽ കാട്ടാക്കട നഗരഹ്യദയത്തിലെ പ്രധാന റോഡിനാണീ ദുരവസ്ഥ. കാട്ടാക്കട ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ കടന്നുപോകുന്ന കഞ്ചിയൂർക്കോണം റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി.
ദിവസവും ഇതുവഴിയാണ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ കടന്നുപോകുന്നത്. എന്നിട്ടും റോഡിന്റെ ദുരവസ്ഥ പരിഹരിക്കാൻ നടപടി ഉണ്ടായിട്ടില്ല. ജംഗ്ഷനിൽ നിന്നും റോഡിലേക്ക് തിരിയുന്ന ഭാഗത്ത് വലിയ കുഴിയാണ്. മഴക്കാലമായാൽ ജംഗ്ഷന് സമീപത്തെ റോഡിൽ വെള്ളക്കെട്ടായി മാറും.
മെയിൻ റോഡിലേക്ക് കയറുന്ന ഭാഗത്ത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമാണ് . കഞ്ചിയൂർക്കോണം റസിഡന്റ്സ് അസോസിയേഷന്റെ ഓഫീസിന് സമീപത്തായി 200 മീറ്ററോളം റോഡ് ഇടിച്ച് താഴ്ത്തിയാണ് ഓട നിർമിച്ചത്.
ഓടയിൽ സ്ലാബിടാമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതേവരെ നടപ്പിലായിട്ടില്ല. തെരുവുവിളക്കുകൾ കത്തിക്കാത്ത ദിവസങ്ങളിൽ ഇരു ചക്രവാഹനക്കാർ സ്ലാബില്ലാത്ത ഓടകളിൽ വീണ് പലപ്പോഴും വലിയ അപകടം പറ്റാറുണ്ട്.
കാട്ടാക്കട ചിന്മയ സ്കൂൾ, വിശ്വദീപ്തി സ്കൂൾ, സപ്ലൈകോ ഓഫീസ് എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡിൽ എപ്പോഴും തിരക്കാണ്. ഇരുവശങ്ങളിലും രാവിലെ മുതൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതും യാത്രാ ദുരിതം വർധിപ്പിക്കുന്നു. അടിയന്തരമായി റോഡ് പണി തുടങ്ങുമെന്ന് കാട്ടാക്കട പഞ്ചായത്ത് പറയുന്നുണ്ടെങ്കിലും തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.