നെയ്യാറ്റിന്‍കരയില്‍ നക്ഷത്രവിളക്കുകള്‍ മിഴി തുറന്നു
1375657
Monday, December 4, 2023 1:20 AM IST
നെയ്യാറ്റിന്‍കര : ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ദേവാലയങ്ങളിലും വീടുകളിലും നക്ഷത്രവിളക്കുകള്‍ തെളിഞ്ഞു. ദേവാലയങ്ങളുടെ മുന്നില്‍ വിവിധ വലിപ്പത്തിലുള്ള നക്ഷത്ര വിളക്കുകളാണ് അണി നിരന്നത്. പലയിടത്തും കൂറ്റന്‍ നക്ഷത്രവിളക്കുകളും ഇടം പിടിച്ചിട്ടുണ്ട്.
കാഴ്ചക്കാരില്‍ കൗതുകം പകരുന്ന വിധത്തിലാണ് നക്ഷത്രവിളക്കുകള്‍ തയാറാക്കിയിട്ടുള്ളത്.
ലൈറ്റുകളും മറ്റും ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ രാത്രികാലത്ത് ഇവ ചുറ്റുപാടും കാര്യമായി തന്നെ വെളിച്ചം വിതറുന്നുമുണ്ട്.
ചെറിയ നക്ഷത്രവിളക്കുകള്‍ പല വര്ണങ്ങളിലുള്ളവയാണ്. നക്ഷത്രവിളക്കുകളുടെ പരന്പരാഗത രൂപത്തില്‍ വലിയ തോതില്‍ മാറ്റം വന്നു. കടലാസിനു പുറമേ മറ്റുവസ്തുക്കളും നക്ഷത്രവിളക്കുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്.
അക്കൂട്ടത്തില്‍ തദ്ദേശീയ വിഭവങ്ങളും വിദേശ നിര്‍മിതകളും ധാരാളം. എല്‍ഇഡി ലൈറ്റ് സ്റ്റാറുകള്‍ക്കും ആരാധകര്‍ ഏറെയാണ്. നക്ഷത്ര വിപണി മിക്കയിടത്തും നേരത്തെ തന്നെ സജീവമായി കഴിഞ്ഞു.