ലോൺ തരപ്പെടുത്തി നൽകാമെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയതായി പരാതി
1375653
Monday, December 4, 2023 1:20 AM IST
വിഴിഞ്ഞം: ലോൺ വാങ്ങി നൽകാമെന്നറിയിച്ച് നിരവധി പേരിൽ നിന്നായി യുവതി ലക്ഷങ്ങൾ തട്ടിയതായി പരാതി. കിടാരക്കുഴി പ്ലാങ്കാല പുത്തൻ വീട്ടിൽ അജിതയാണ് പരാതിക്കാരി. സംഭവമായി ബന്ധപ്പെട്ട് തെന്നൂർക്കോണം ഞാറവിളയിൽ മഞ്ചു (42) വിനെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്തു. വിഴിഞ്ഞം, മുക്കോല ഭാഗങ്ങളിൽ നിന്നുള്ള ഇരുപതോളം പേരിൽ നിന്ന് പതിനഞ്ചര ലക്ഷത്തോളം രൂപ ഒരുവർഷത്തിനിടയിൽ യുവതി തട്ടിയെടുത്തതായി പോലീസ് അറിയിച്ചു.
പ്രധാനമന്ത്രിയുടെ പേരിലുള്ള ഇരുപത് ലക്ഷത്തിന്റെ മുദ്രാലോൺ വാങ്ങി നൽകാമെന്ന് ഉറപ്പു നൽകിയാണ് തട്ടിപ്പുനടത്തിയിരിക്കുന്നത്.
ഒരോരുത്തരിൽ നിന്ന് 75000 രൂപ വീതമാണ് വാങ്ങിയത്. തുടർന്ന് പാസായ ലോണിന്റെ വിഹിതമെന്നറിയിച്ച് വിവിധ ബാങ്കുകളുടെ ചെക്കുകളും കൈമാറി. പണം ബാങ്കുകളിൽ മാറാതെ വന്നതോടെ തട്ടിപ്പ് മനസിലാക്കിയവർ പരാതിയുമായി രംഗത്തിറങ്ങി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ജോലി വാഗ്ദാനം നൽകി ചിലരിൽ നിന്ന് പണം വാങ്ങിയതായ വിവരവും പോലീസിന് ലഭിച്ചതായി അറിയുന്നു. നിലവിൽ പ്രതി ഒളിവിലാണ്.