ഡിജിറ്റൽ സാക്ഷരതാ വാരാഘോഷത്തിനു തുടക്കമായി
1375363
Sunday, December 3, 2023 1:45 AM IST
തിരുവനന്തപുരം: കേരളം കൈവരിക്കുന്ന അടുത്ത മുന്നേറ്റമായി ഡിജിറ്റൽ സാക്ഷരത അടയാളപ്പെടുത്തപ്പെടുമെന്ന് വി.കെ. പ്രശാന്ത് എംഎൽഎ.
അന്താരാഷ്ട്ര ഡിജിറ്റൽ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ സംഘടിപ്പിച്ച ഡിജിറ്റൽ സാക്ഷരതാ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏറ്റവും കൂടുതൽ സാക്ഷരത നേടിയവരാണ് മലയാളികൾ. അവരെ ഡിജിറ്റൽ സാക്ഷരതയിലേക്ക് നയിക്കുകയെന്ന ഉദ്യമത്തിലേക്കു കൂടി നമ്മൾ കടക്കുകയാണ്.
ജനന മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെയുള്ള ആധികാരിക രേഖകൾ കയ്യിലെ മൊബൈൽ ഫോൺ ഉപയോഗിച്ച് എടുക്കാൻ സംവിധാനമുണ്ടായിരിക്കെ ഇന്നും പലരും പഞ്ചായത്തിലും കോർപ്പറേഷനിലും കയറിയിറങ്ങുകയാണ്. എല്ലാ സർട്ടിഫിക്കറ്റുകളും ഡിജിറ്റലായി എടുക്കാൻ ജനങ്ങളെ പര്യാപ്തരാക്കേണ്ടതുണ്ട്. എന്നാൽ അഭ്യസ്തവിദ്യർ പോലും ഡിജിറ്റൽ പേയ്മെന്റ് ഉൾപ്പെടെയുള്ളവയിൽ നിന്ന് മാറി നിൽക്കുന്ന സാഹചര്യവും നമ്മുടെ നാട്ടിലുണ്ട്. ചെറുപ്പക്കാരിലൂടെയും വിദ്യാർത്ഥികളിലൂടെയും ഡിജിറ്റൽ സാങ്കേതികതയുടെ സൗകര്യം വീടുകളിലെത്തിച്ച് മുതിർന്നവരെ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്ന സാഹചര്യത്തിലേക്ക് കൊണ്ടുവരാനാകണമെന്നും എംഎൽഎ പറഞ്ഞു.