സിവിൽ സർവീസ് സംരക്ഷണ യാത്ര ജില്ലയിൽ
1375357
Sunday, December 3, 2023 1:45 AM IST
തിരുവനന്തപുരം: മിഷനുകളും പ്രത്യേക പദ്ധതികളും സിവിൽ സർവീസിനെ ദുർബലപ്പെടുത്തുകയും സേവനത്തിന്റെ ഗുണമേന്മ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ. പ്രകാശ്ബാബു അഭിപ്രായപ്പെട്ടു.
നാഷണൽ റൂറൽ ഹെൽത്ത് മിഷൻ പോലുള്ള പദ്ധതികളിലൂടെ കോടിക്കണക്കിനു രൂപ ചെലവഴിച്ച് കുറഞ്ഞ വേതനത്തിന് ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കുന്പോൾ ഗുണമേന്മ കുറയുകയാണ്. സിവിൽ സർവീസ് സംരക്ഷണയാത്രയുടെ തിരുവനന്തപുരം നോർത്ത് ജില്ലയിലെ രണ്ടാംദിന പര്യടനത്തിന്റെ സമാപന സമ്മേളനം പാളയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള ധാർമിക ബാധ്യത ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി ടി.എസ്. ബിനുകുമാർ അധ്യക്ഷത വഹിച്ചു. വി.കെ.മധു ,എൻ. അനന്തകൃഷ്ണൻ, അഡ്വ.രാഖി രവികുമാർ, ഡോ.സി. ഉദയകല തുടങ്ങിയവർ പ്രസംഗിച്ചു. ശനിയാഴ്ച രാവിലെ മെഡിക്കൽ കോളജിൽ ജാഥയുടെ പര്യടനം സിപിഐ സംസ്ഥാന കൗണ്‍സിലംഗം വി.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ചന്തവിള മധു അധ്യക്ഷനായിരുന്നു. കെ.ദേവകി പ്രസംഗിച്ചു. പെൻഷൻ നമ്മുടെ അവകാശം, സിവിൽ സർവീസ് നാടിന് അനിവാര്യം, അഴിമതി നാടിന് അപമാനം എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് 2023 നവംബർ ഒന്നിനു കാസർഗോഡ് നിന്നാരംഭിച്ച സിവിൽ സർവീസ് സംരക്ഷണ യാത്ര ഏഴിനു തിരുവനന്തപുരത്ത് സമാപിക്കും.