മുട്ടത്തറ സന്തോഷ് വധക്കേസ്: പ്രതിക്ക് ജീവപര്യന്തവും പിഴയും
1374864
Friday, December 1, 2023 5:19 AM IST
തിരുവനന്തപുരം: മുട്ടത്തറ സ്വദേശി സന്തോഷിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 30,000 പിഴയും.
പൂന്തുറ മാണിക്കവിളാകം പള്ളിമുക്ക് ആറ്റരികത്ത് വീട്ടിൽ ബിനു (37) വാണ് ശിക്ഷിക്കപ്പെട്ട പ്രതി. വീട്ടിൽ അതിക്രമിച്ചു കയറിയതിന് പത്തു വർഷം അധിക തടവും വിധിച്ചു. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽ കുമാറിന്റെതാണ് ഉത്തരവ്.
2016 ഓഗസ്റ്റ് 30 നു രാത്രിയിലാണു സംഭവം. ചീട്ടുകളിയുടെ പേരിലുണ്ടായ തർക്കത്തിൽ ഇവർ തമ്മിൽ അടിപിടി ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരം വീട്ടാൻ കൊല്ലപ്പെട്ട സന്തോഷിന്റെ വീട്ടിലെത്തി വെട്ടുകയായിരുന്നു. മാരകമായി പരിക്കേറ്റു കിടന്ന സന്തോഷിനെ പൂന്തുറ പോലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു.
അന്നു രാത്രി 11:30 ഓടെ മരണമടഞ്ഞു എന്നാണു പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ്, അഭിഭാഷകരായ രഞ്ചു, ഇനില, ഗോപിക എന്നിവർ ഹാജരായി.