സർക്കാരിന് ജനകീയ പ്രശ്നങ്ങളിൽ കെടുകാര്യസ്ഥതയും അലംഭാവവും: പാലോട് രവി
1374862
Friday, December 1, 2023 5:19 AM IST
നേമം: ജനകീയ പ്രശ്നങ്ങളിൽ കെടുകാര്യസ്ഥതയും അലംഭാവവും മുഖമുദ്രയാക്കിയ സംസ്ഥാന സർക്കാരിന് വിലക്കയറ്റം പിടിച്ചു നിർത്താനാകുന്നില്ലെന്നും, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ കൂപ്പുകുത്തുകയാണെന്നും ഡിസിസി പ്രസിഡന്റ് പാലോട് രവി.
ജനം ദുരിതമനുഭവിക്കുമ്പോൾ ഫലപ്രമായി ഒന്നും ചെയ്യാൻ കഴിയാതെ മുഖ്യമന്ത്രിയും പരിവാരങ്ങളും കോടികൾ മുടക്കി അർഥമില്ലാത്ത ഊരുചുറ്റൽ നടത്തുന്നത് അപഹാസ്യമാണെന്നും അദേഹം കൂട്ടിചേർത്തു.
അന്തരിച്ച മുൻ എംഎൽഎ ജോർജ് മെഴ്സിയറുടെ സ്മരണയെ മുൻനിർത്തി ഐഎൻടിയുസി ജില്ലാ കമ്മിറ്റിയും ബ്രഹ്മോസ് സ്റ്റാഫ് അസോസിയേഷനും, സിവിൽ സപ്ലെസ് ലേബർ കോൺഗ്രസും സംയുക്തമായി സംഘടിപ്പിച്ച ജോർജ് മെഴ്സിയർ എൻഡോവ്മെന്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു. എം. വിൻസന്റ് എംഎൽഎ ഉപഹാരങ്ങൾ വിതരണം ചെയ്തു. ആൻറണി ആൽബർട്ട്, ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.തമ്പി കണ്ണാടൻ, മുഹമ്മദ് ഷാഫി, സേവ്യർ ലോപ്പസ്, പുളിമൂട് ഹരി, ചാക്ക രവി, കെ.എം.അബ്ദുൽ സലാം എന്നിവർ പ്രസംഗിച്ചു.