കേരളാ സർവകലാശാല അത്ലറ്റിക് മീറ്റ്: എൽഎൻസിപിയുടെ മുന്നേറ്റം
1374605
Thursday, November 30, 2023 1:58 AM IST
തിരുവനന്തപുരം: കേരളാ സർവകലാശാല അത്ലറ്റിക് മീറ്റിൽ കാര്യവട്ടം എൽഎൻസിപിയുടെ മുന്നേറ്റം. ആദ്യ ദിനത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 33 പോയിന്റോടെ എൽഎൻസിപി പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. ആലപ്പുഴ എസ്ഡി 27-21 പോയിന്റുമായി രണ്ട ാമതും പുനലൂർ എസ്.എൻ 26 പോയന്റോടെ മൂന്നാം സ്ഥാനത്തുമുണ്ട ്.
24 പോയിന്റുമായി അഞ്ചൽ സെന്റ് ജോണ്സാണ് പട്ടികയിൽ നാലാമതുള്ളത്. മീറ്റിലെ വേഗമേറിയ താരത്തെ നിർണയിക്കുന്ന 100 മീറ്ററിൽ പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സി.വി അനുരാഗും( 10.94 സെക്കൻഡ്) വനിതാ വിഭാഗത്തിൽ ആലപ്പുഴ എസ്ഡി കോളജിലെ ആർ.ശ്രീലക്ഷ്മിയും (12.66 സെക്കൻഡ് ) ഒന്നാമതായി ഓടിയെത്തി. 400 മീറ്ററിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്.അനന്തൻ ഒന്നാമതും (49.46 സെക്കൻഡ്) കൊല്ലം ടികഎമ്മിലെ പി. മുഹമ്മദ് ബേസിൽ രണ്ട ാമതും(49.59 ) തിരുവനന്തപുരം എംജി കോളജിലെ പരമേശ്വരൻ പ്രദീപ് (50.74) മൂന്നാം സ്ഥാനത്തുമെത്തി.
ഈ ഇനത്തിൽ വനിതാ വിഭാഗത്തിൽ തിരുവനന്തപുരം മാർ ഈവാനിയോസിലെ സാനിയാ ട്രീസാ ടോമി 58.26 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണത്തിന് ഉടമയായപ്പോൾ ചേർത്തല എസ്.എന്നിലെ എസ്.സായൂജ്യ വെള്ളിയും കൊല്ലം എസ്.എന്നിലെ ഗ്ലോറിയ ബി.യോഹന്നാൻ വെങ്കലവും നേടി. വനിതകളുടെ ജാവലിൻ ത്രോയിൽ തിരുവനന്തപുരം മാർ ഈവാനിയോസിന്റെ വൈഷ്ണവി ബി.സുനിൽ 24.55 മീറ്റർ ദൂരം താണ്ട ി സ്വർണവും 20.10 മീറ്റർ എറിഞ്ഞ് അഞ്ചൽ സെന്റ് ജോണ്സിലെ മിത്രാ സുരേഷ് വെള്ളിയും നേടി. ഈ ഇനത്തിൽ പാങ്ങോട് മന്നാനിയാ കോളജിലെ എസ്.ശ്രിലക്ഷ്മി വെങ്കലം നേടി. ഹൈജംപിൽ കൊല്ലം ടികെഎമ്മിന്റെ സി.ഹൃദ്യ (1.35 മീറ്റർ) സ്വർണവും കാര്യവട്ടം എൽഎൻസിപിയിലെ വിസ്മയ വിജയൻ(1.35) വെള്ളിയും ആലപ്പുഴ സെന്റ് ജോസഫ്സിലെ ജോസ്നാ ജേക്കബ്(1.25 മീറ്റർ) വെങ്കലവും നേടി.
ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസിലർ പ്രഫ. മോഹൻ കുന്നുമ്മൽ മീറ്റ് ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റ് അംഗം ജി.മുരളീധരൻ പിള്ള അധ്യക്ഷത വഹിച്ചു. കേരള സർവകലാശാല ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ് മേധാവി പ്രഫ. കെ.ഐ.റസിയ, രാജ്യാന്തര സർവകലാശാല അത്ലറ്റിക് മീറ്റിൽ പങ്കെടുത്ത ആർ.രാജേഷ്, സിൻഡിക്കറ്റംഗം ഡോ.ബിജുകുമാർ എന്നിവർ പ്രസംഗിച്ചു.