ജില്ലയിൽ കോണ്‍ഗ്രസിൽ ചേരിപ്പോര്
1374597
Thursday, November 30, 2023 1:58 AM IST
തിരുവനന്തപുരം : ജില്ലയിലെ ഗ്രൂപ്പു പോരു കാരണം മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിക്കാനാകാതെ വെട്ടിലായി കോണ്‍ഗ്രസ്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ സ്ഥിതിചയ്യുന്ന ശാസ്തമംഗലം മണ്ഡലത്തിൽപോലും പ്രസിഡന്റ് ഇല്ലാത്ത അവസ്ഥയാണ്. എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കമാണു ശാസ്തമംഗലത്തു മണ്ഡലം പ്രസിഡന്റിനെ നിയമിക്കുന്നതിൽ തടസമായി നിൽക്കുന്നത്.
മുൻ കൗണ്‍സിലറും എ ഗ്രൂപ്പുകാരനുമായ ശാസ്തമംഗലം ഗോപന്റെ പേരാണ് മണ്ഡലം പ്രസിഡന്റു സ്ഥാനത്തേയ്ക്ക് ഉയർന്നുവന്നത്. ആദ്യഘട്ടത്തിൽ ഗ്രൂപ്പു വ്യത്യാസമില്ലാതെ ഗോപനെ നേതാക്കളടക്കം പിന്തുണച്ചിരുന്നു. എന്നാൽ ശാസ്തമംഗലത്തെ ചില നേതാക്കളുടെ ഇടപെടലാണു മണ്ഡലം പ്രസിഡന്റാവാൻ ഗോപനു തടസമായി നിൽകുന്നതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.
കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ ഗോപനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാർഥി. കോണ്‍ഗ്രസിനും സ്ഥാനാർഥിയെന്ന നിലയിൽ ഗോപനും വലിയ സ്വാധീനം വാർഡിലുണ്ടായിരുന്നു.
എന്നിട്ടും തെരഞ്ഞെടുപ്പിൽ ഗോപൻ പരാജയപ്പെട്ടു. വാർഡിൽ സ്ഥാനാർഥിമോഹികളായിരുന്നവരും ശാസ്തമംഗലത്തെ കോണ്‍ഗ്രസ് നേതാവായ ഒരു സമുദായ പ്രമാണിയും ചേർന്നു ബിജെപിയെ വിജയിപ്പിക്കാൻ രഹസ്യമായി പ്രവർത്തിച്ചൂവെന്നു കാണിച്ചു ഗോപൻ അന്നു കെപിസിസി നേതൃത്വത്തിനു പരാതി നൽകിയിരുന്നു. ഇവർ തന്നെയാണു ഇപ്പോൾ മണ്ഡലം പ്രസിഡന്റു സ്ഥാനത്തിനു ഗോപനു തടസമായി നിൽക്കുന്നതെന്നാണു ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകർ പറയുന്നത്.
വിഷയത്തിൽ ഡിസിസി പ്രസിഡന്റ് ഇടപെടുന്നില്ലെന്ന ആക്ഷേപവും ഇവർക്കുണ്ട്. ശാസ്തമംഗലത്ത് പുതിയ മണ്ഡലം പ്രസിഡന്റിനെ നിയമിച്ചില്ലെന്നു മാത്രമല്ല പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ നിയോഗിച്ച താൽക്കാലിക മണ്ഡലം പ്രസിഡന്റിനേയും ഇപ്പോൾ മാറ്റി. ഇതോടെ മണ്ഡലത്തിന്റെ ഉത്തരവാദിത്തം ആർക്കും ഇല്ലാത്ത അവസ്ഥയായി.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിലാണു ഇപ്പോൾ കോണ്‍ഗ്രസ് പ്രവർത്തകർ. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ മണ്ഡലം പ്രസിഡന്റുമാരില്ലാത്ത പ്രദേശങ്ങളിൽ നടന്നിട്ടില്ലെന്നു കഴിഞ്ഞ ജില്ലാ കണ്‍വൻഷനിൽ ബന്ധപ്പെട്ടവർ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
തിരുവനന്തപുരം ജില്ലയിൽ ഏകദേശം 42 മണ്ഡലം പ്രസിഡന്റുമാരുടെ നിയമനങ്ങൾ ഗ്രൂപ്പു പോരുമൂലം പാതിവഴിയിലാണ്. കെപിസിസി പ്രസിഡന്റും ഡിസിസി പ്രസിഡന്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണു മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കുന്നതിനു തടസമായി നിൽക്കുന്നതെന്നാണു ജില്ലയിലെ കോണ്‍ഗ്രസിനുള്ളിലെ ആക്ഷേപം.
സ്വന്തം ലേഖകൻ