ധനുവച്ചപുരത്ത് വിദ്യാർഥികൾ ഏറ്റുമുട്ടി: ഏഴ് പേർക്ക് പരിക്ക്
1374369
Wednesday, November 29, 2023 6:07 AM IST
പാറശാല: ധനുവച്ചപുരത്ത് വിദ്യാ ർഥികൾ ഏറ്റുമുട്ടി. വിടിഎം എന്‍എസ്എസ് കോളജ് വിദ്യാര്‍ഥികളും, ഐടിഐ, ഐഎച്ച്ആര്‍ഡി വിദ്യാര്‍ഥികളും തമ്മിലാണ് സംഘർഷമുണ്ടായത്.
സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. കോളേജ് യൂണിയന് തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന സത്യപ്രതിജ്ഞാചടങ്ങും ആഹ്ലാദപ്രകടനവും കഴിഞ്ഞതിനുശേഷം വരികയായിരുന്ന ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജ് വിദ്യാർഥികളെ ഐഎച്ച്ആര്ടിയിലെയും ഐടിഐയിലെയും വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് തടയുകയായിരുന്നു. ബൈക്കില്‍ പോവുകയായിരുന്നു വിദ്യാര്‍ഥികളുടെ എറിഞ്ഞു വീഴ്ത്തി യെന്നും നാല് വിദ്യാര്‍ഥികളെ എസ്എഫ്ഐ പ്രവർത്തകർ മര്‍ദിച്ച് അവശയാക്കിയെന്നുമാണ് പരാതി.
എന്‍എസ്എസ് കോളജിലെ മലയാളം, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗങ്ങളിലെ വിദ്യാര്‍ഥികളായ ആരോമല്‍ (19), ജിഷ്ണു (19), ഗോകുല്‍ (19), യദു (19)എന്നിവരാണ് നെയ്യാറ്റിന്‍കരയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലുമായി ചികിത്സയില്‍ ഉള്ളത്. സംഭവമറിഞ്ഞ് ധനുവച്ചപുരം കോളജിലെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ എത്തിയെങ്കിലും പോലീസ് അവരെ തടഞ്ഞു.
സമാനമായ രീതിയില്‍ ഐഎച്ച്ആര്‍ഡി, ഐടിഐ വിദ്യാര്‍ഥികളും സംഘചേര്ന്നു കോളേജ് ജംഗ്ഷനില്‍ എത്തിയതോടെ പോലീസ് അവരെ തടഞ്ഞുവെങ്കിലും എസ്എഫ്ഐക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഘര്‍ഷത്തില്‍ ഒരു എസ്എഫ്ഐ വിദ്യാര്‍ഥിക്കു പരിക്കേറ്റതായി എസ്എഫ്ഐ നേതാക്കളും ആരോപിക്കുന്നു.
ഐഎച്ച്ആര്‍ഡി കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ വെള്ളറട അഞ്ചുമരങ്കാല സ്വദേശിയായ സഞ്ജീവനാണ് മര്‍ദനമേറ്റത്.ഈ വിദ്യാര്‍ഥിയെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് വന്‍ പോലീസ് ക്യാമ്പ് ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ വിടിഎം എന്‍എസ്എസ് കോളജില്‍ റെഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.