തുലവിളയില്‍ സ്പെയര്‍പാര്‍ട്സ് കടയ്ക്കും വര്‍ക്ഷോപ്പിനും തീപിടിച്ചു
1374364
Wednesday, November 29, 2023 6:07 AM IST
നേമം: പാപ്പനംകോടിനു സമീപം തുലവിളയില്‍ സ്പെയര്‍പാര്‍ട്സ് കടയ്ക്കും വര്‍ക് ഷോപ്പിനും തീപിടിച്ചു. ഇ ന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ആളപായമില്ല. മണികണ്ഠന്റെ ഉടമസ്ഥതയിലുള്ള ശ്രീശാസ്താ സ്പെയര്പാര്ട്സിലാണ് ആദ്യം തീ പിടിച്ചത്. പിന്നീട് പടര്‍ന്ന് സമീപത്തെ ശരവണ ടൂ വീലര്‍ വര്‍ക് ഷോപ്പിനും ഭാഗികമായി തീ പിടിക്കുകയായിരുന്നു.
രാത്രി സ്പെയര്‍പാര്‍ട്സ് കട അടച്ചിട്ടു പോയതിനുശേഷമാണ് തീ പിടിത്തമുണ്ടായത്. കടയ്ക്കുള്ളില്‍നിന്നു പുക ഉയരുന്നതുകണ്ട നാട്ടുകാര്‍ കടയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ചശേഷം തീ കെടുത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തീ ആളി പടരുകയായിരുന്നു. ചെങ്കല്‍ചൂളയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയാണു തീ കെടുത്തിയത്. രണ്ട് നിലയുള്ള കാര്‍ത്തിക ബില്‍ഡിംഗിന്റെ താഴത്തെ നിലയിലാണ് കടകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
തീ പിടിത്തമുണ്ടായ കടയ്ക്ക് സമീപത്തെ കെട്ടിടത്തില്‍ ഭാരത് ഗ്യാസിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് ആശങ്കയുണ്ടാക്കി. തീ പിടിത്തമുണ്ടായ ഉടനെ ഇവിടെ വച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ മാറ്റിയതിനെതുടർന്ന് വലിയ അപകടമൊഴിവായി. ഷോർട്ട് സർക്ക്യൂട്ടാണ് അപകട കാരണമെ ന്നാണ് പ്രാഥമിക നിഗമനം.