നഗരസഭ കൗണ്‍സില്‍ ഇന്ന്: നവകേരള സദസ് ചര്‍ച്ചയായേക്കും
1374363
Wednesday, November 29, 2023 6:07 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ അടുത്ത മാസം നടക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട് ഇന്നത്തെ നഗരസഭ കൗണ്‍സിലില്‍ ചൂടേറിയ വാഗ്വാദങ്ങളും വാദപ്രതിവാദങ്ങളും പ്രതിഷേധ പരിപാടികളും അരങ്ങേറാന്‍ സാധ്യത.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് ഡിസംബര്‍ 22ന് നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് നിശ്ചയിച്ചിരിക്കുന്നത്. വേദിയും സദസുമടക്കം വിപുലമായ ഒരുക്കങ്ങള്‍ സംബന്ധിച്ച രൂപരേഖ തയാറായിട്ടുണ്ടെന്നും അറിയുന്നു. നേരത്തെ മുനിസിപ്പല്‍ സ്റ്റേഡിയമാണ് വേദിയായി തീരുമാനിച്ചിരുന്നതെങ്കിലും കൂടുതല്‍ ജനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുടെ അടിസ്ഥാനത്തില്‍ ഗവ. ബോയ്സ് എച്ച്എസ്എസ് ഗ്രൗണ്ടിലേയ്ക്ക് നവകേരള സദസ് മാറ്റിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പരിപാടികള്‍ അതാത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു. നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ നഗരസഭ ഒഴികെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം യുഡിഎഫിനാണ്.
അതിയന്നൂര്‍, ചെങ്കല്‍, തിരുപുറം, കാരോട്, കുളത്തൂര്‍ എന്നീ പഞ്ചായത്തുകളില്‍ യുഡിഎഫ് ഭരണമാണ് നിലവിലുള്ളത്. നവകേരള സദസിനോട് സ്വാഭാവികമായും ഈ പഞ്ചായത്തുകളുടെ ഭരണസംവിധാനം മുഖംതിരിച്ച് നില്ക്കുന്നു എന്നര്‍ഥം.
അതേ സമയം, എല്‍ഡിഎഫ് ഭരിക്കുന്ന നെയ്യാറ്റിന്‍കര നഗരസഭയില്‍ ആകെയുള്ള 44 വാര്‍ഡുകളില്‍ 18 ഇടത്ത് മാത്രമാണ് ഇടതുപക്ഷ കൗണ്‍സിലര്‍മാരുള്ളത്. 17 യുഡിഎഫ് വാര്‍ഡുകളുടെയും ഒന്‍പത് ബിജെപി വാര്‍ഡുകളുടെയും കൗണ്‍സിലര്‍മാര്‍ നവകേരള സദസിനോട് വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്നത് എല്‍ഡിഎഫിന് വെല്ലുവിളിയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചിത തുക നവകേരള സദസിലേയ്ക്കായി സംഭാവന ചെയ്യണമെന്ന ഉത്തരവിനോട്് ബിജെപിക്കും യുഡിഎഫിനും കടുത്ത എതിര്‍പ്പാണുള്ളത്. ഈ സാഹചര്യത്തില്‍ ഇന്നു നടക്കുന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷത്തിനെതിരെ യുഡിഎഫും ബിജെപിയും ശബ്ദമുയര്‍ത്താന്‍ സാധ്യതയുണ്ട്.
നവകേരള സദസിന്റെ വേദിയായ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വിവിധ സബ് കമ്മിറ്റികളും ഇതിനോടകം പല തവണ യോഗം ചേരുകയുണ്ടായി.
എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ഇടതുപക്ഷ ആഭിമുഖ്യമുള്ള പൊതുപ്രവര്‍ത്തകരുമാണ് കമ്മിറ്റികളില്‍ അംഗങ്ങളായിട്ടുള്ളതെന്നും പറയപ്പെടുന്നു. നഗരസഭ കൗണ്‍സിലില്‍ ഏതു വിധത്തിലുള്ള പ്രതിഷേധത്തിനാണ് യുഡിഎഫും ബിജെപിയും ആലോചിച്ചിട്ടുള്ളതെന്ന് കൗണ്‍സില്‍ യോഗത്തിലേ അറിയാന്‍ കഴിയൂ. എന്നാല്‍ എത്ര വലിയ വിവാദം തലപൊക്കിയാലും എന്തൊക്കെ ശബ്ദകോലാഹലമുണ്ടായാലും നേരിടാന്‍ തന്നെയാകും എല്‍ഡിഎഫിന്റെ നിലപാട്.
സ്വന്തം ലേഖകന്‍