തിരുവനന്തപുരത്തു മൂന്നുപേർ കസ്റ്റഡിയിൽ: പിന്നാലെ വിട്ടയച്ചു
1374361
Wednesday, November 29, 2023 6:07 AM IST
തിരുവനന്തപുരം: അബിഗേൽ സാറ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംശയത്തിന്റെ പേരിൽ തിരുവനന്തപുരം സിറ്റി പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തതോടെ തലസ്ഥാനത്തും മണിക്കൂറുകളോളം ഉദ്വേഗം നിറഞ്ഞുനിന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയവർ പിടിയിലായെന്നു മട്ടിൽ വാർത്തകൾ പ്രചരിച്ചു. സംഭവവുമായി ഇവർക്കു ബന്ധമില്ലെന്നു വ്യക്തമായതോടെ ഏതാനും മണിക്കൂറുകൾക്കകം ഇവരെ വിട്ടയച്ചു.
ശ്രീകാര്യം പൗഡിക്കോണം സ്വദേശി ശ്രീജിത്ത്, ശ്രീകണ്ഠേശ്വരത്ത് കാർ വാഷിംഗ് സെന്റർ നടത്തുന്ന പ്രജീഷ്, ആനയറ സ്വദേശി ബിജു എന്നിവരെയാണു സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ മോഡലിലുള്ള വാഹനങ്ങളുടെ ഉടമകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു പൗഡിക്കോണം സ്വദേശിയായ ശ്രീജിത്തിലേക്ക് അന്വേഷണം നീണ്ടത്. ഇയാൾക്ക് സമാന മോഡലിലുള്ള വാഹനം ഉണ്ടായിരുന്നു. ഈ വാഹനത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചപ്പോൾ വാഹനം ആനയറ സ്വദേശി ബിജുവിന് വില്പന നടത്തിയ വിവരം പോലീസിനെ അറിയിച്ചു.
ബിജു ഈ വാഹനം ശ്രീകണ്ഠേശ്വരത്ത് കാർ വാഷിംഗ് സെന്റർ ഉടമയായ പ്രജീഷിന് വില്പന നടത്തുകയായിരുന്നു. പോലീസ് മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. കാർ വാഷിംഗ് സെന്റർ ഉടമയോട് വാഹനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, തിരുവല്ലത്തെ വർക്ക് ഷോപ്പിൽ വാഹനം ഉണ്ടെന്ന് അറിയിച്ചു. പോലീസ് ഇവിടെ എത്തി വാഹനം പരിശോധിച്ചു.
കഴിഞ്ഞ ദിവസം ഈ വാഹനം പുറത്തേക്കു പോയിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ ഇരുവരും വ്യക്തമാക്കി. ഇവർക്കു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പങ്കില്ലെന്നു ബോധ്യമായതിനെത്തുടർന്ന് മൂന്നു പേരെയും പോലീസ് വിട്ടയയ്ക്കുകയായിരുന്നു. ശ്രീകാര്യം, വഞ്ചിയൂർ പോലീസ് സംഘമാണ് മൂവരെയും സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശാനുസരണം ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന വാർത്ത പ്രചരിച്ചതോടെ പ്രതികളെ തിരുവനന്തപുരത്ത് പിടികൂടിയെന്ന രീതിയിലായിരുന്നു വാർത്തകൾ പരന്നത്.