വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച് കോർപറേഷൻ അധികൃതർ
1374356
Wednesday, November 29, 2023 6:07 AM IST
ശ്രീകാര്യം : നൂറോളം വഴിയോര കച്ചവടക്കാരെ കോർപറേഷൻ അധികൃതർ ഒഴിപ്പിച്ചു. കഴക്കൂട്ടം അമ്പലത്തിൻകര മുതൽ കാര്യവട്ടം ജംഗ്ഷൻവരെയുള്ള കച്ചവടക്കാരെയാണ് കഴി ഞ്ഞ ദിവസം രാവിലെയോടെ ശ്രീകാര്യം പോലീസിന്റെ സഹായത്തോടെ കോർപറേഷൻ
അധികൃതർ എത്തി ഒഴിപ്പിച്ചത്.
രാവിലെ ഉണ്ടായിരുന്ന കച്ചവടക്കാർ മാത്രമാണ് അവരുടെ കടകളും സാധനങ്ങളും മാറ്റിയത്. ബാക്കിയുള്ളവ ജെസിബി ഉപയോഗിച്ചു പൊളിച്ചു മാറ്റി. റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരു വശത്തും ഇരുമ്പ് കമ്പി കൊണ്ടുള്ള സംരക്ഷണ വേലി കെട്ടിയിരുന്നു ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപത്തായി തട്ടുകട നടത്തുന്ന ചിലർ ഇവിടേയ്ക്ക് ആളുകൾ കയറാനായി അത് മുറിച്ചു മാറ്റി വഴിയാക്കി.
ഇത് ശ്രദ്ധയിൽപ്പെട്ട കോർപ്പറേഷൻ അധികൃതർ മുറിച്ച ഭാഗം പൂർവ സ്ഥിതിയിൽ ആക്കാൻ ആവശ്യപ്പെട്ടെങ്കിലും കച്ചടവടക്കാർ ചെയ്തിരുന്നില്ല. തുടർന്നാണ് രണ്ടു മാസങ്ങൾക്ക് മുൻപ് ഇവിടെ നിന്നും കടകൾ പൊളിച്ച് മാറ്റാൻ കോർപറേഷൻ അധികൃതർ കച്ചവടക്കാർക്ക് നിർദേശം നൽകിയത്.
നോട്ടീസ് കൈപ്പറ്റിയ പകുതിയിലേറെപ്പേർ ഒഴിഞ്ഞിരുന്നു. ബാക്കിയുള്ളവർ കച്ചവടം തുടരുന്ന സാഹചര്യത്തിലാണ് നടപടി.