മാറനല്ലൂർ പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ തകർന്നിട്ട് നാല് വർഷം; നടപടിയെടുക്കാതെ അധികൃതർ
1374353
Wednesday, November 29, 2023 6:07 AM IST
കാട്ടാക്കട: മാറനല്ലൂർ പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ തകർന്നിട്ട് വർഷങ്ങളായെങ്കിലും പരിഹാരമാകുന്നില്ലന്ന് നാട്ടുകാരുടെ പരാതി. അരുമാളൂർ- കോണത്തുവിളാകം റോഡ്, കരിങ്ങൽ- മുളംപ്പള്ളിക്കോണം റോഡ്, കുവളശ്ശേരി-നവോദയലെയ്ൻ റോഡ് എന്നിവയാണ് യാത്രാ യോര്യമല്ലാത്ത നിലയിൽ തകർന്നു കിടക്കുന്നത്.
ഇവിടങ്ങളിൽ നവീകരണ ജോലികൾ നടന്നിട്ട് വർഷങ്ങളായെന്നാണ് പ്രദേശവാസികൾ പറയുന്നത്. റോഡുകളിലൂടെ നിരന്തരം കടന്നുപോകുന്ന ഇരുചക്ര വാഹന യാത്രക്കാരാണ് റോഡിന്റെ തകർച്ചയെ തുടർന്ന് കൂടുതൽ ബുദ്ധിമുട്ടുന്നത്. മഴക്കാലമായാൽ അപകടത്തിൽപ്പെടുന്നവരുടെ എണ്ണവും ഇവിടെ കൂടുതലാണ്.
കഴിഞ്ഞ നാല് വർഷം മുമ്പാണ് ജന പ്രതിനിധികൾ കരിങ്ങൽ- മുളപ്പള്ളിക്കോണം റോഡ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിക്കുകയും ഉടൻ പണികള് തുടങ്ങുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയിരുന്നത്.
എന്നാൽ നാല് വർഷം കഴിഞ്ഞിട്ടും നവീകരണ ജോലികളുമായി ബന്ധപ്പെട്ട് ഒരു നടപടിയും നടക്കുന്നില്ലന്നാണ് നാട്ടുകാർ പറയുന്നത്. അരുമാളൂർ- കോണത്തുവിളാകം റോഡ് നിർമാണം കഴിഞ്ഞതിനുശേഷം ഒറ്റത്തവണ മാത്രമാണ് റോഡ് ടാർ ചെയ്ത് നവീകരിച്ചത്.
കുണ്ടും, കുഴിയുമായ റോഡിൽ വാഹനങ്ങൾ ഇപ്പോൾ സർവീസ് നടത്തുന്നില്ലന്നാണ് നാട്ടുകാർ പറയുന്നത്. ഇരുചക്ര വാഹനത്തിൽ കച്ചവടങ്ങൾക്കായി എത്തുന്നവരും റോഡിന്റെ ശ്യോച്യാവസ്ഥകാരണം കൂടുതൽ ബുദ്ധിമുട്ടുന്നു.
മാറനല്ലൂർ മലവിള പാലത്തിന്റെ പുനർ നിർമാണം നടക്കുന്നത് കാരണം വാഹനങ്ങൾ നവോദയലെയ്ൻ- കൂവളശ്ശേരി റോഡുകളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.
ഗ്രാമീണ റോഡുകളിൽ കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കിന്ന പദ്ധതി വരുന്നതുകൊണ്ടാണ് പണി വൈകുന്നതെന്നാണ് അധിക്യതർ പറയുന്നത്. എന്നാൽ പലയിടത്തും പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന ജോലികൾക്ക് മെല്ലെപ്പോക്കാണ് തുടരുന്നത്. ഇതിനു പരിഹാരം കാണാൻ അധിക്യതർ ശ്രമിക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി.