പാലം നിര്‍മാണത്തിലെ അശാസ്ത്രീയത; പ്രതിഷേധവുമായി കോൺഗ്രസ്
1374352
Wednesday, November 29, 2023 6:07 AM IST
മെഡിക്കല്‍കോളജ്: നെല്ലിക്കുഴി പാലം നിര്‍മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്ളൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സമരം നടത്തി.
കൗണ്‍സിലര്‍മാരായ ജോണ്സണ് ജോസഫ്, പത്മകുമാര്‍, മേരി പുഷ്പം, ആക്കുളം സുരേഷ്, സതികുമാരി, മുന്‍ കൗണ്‍സിലര്‍ പേട്ട അനില്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സനല്‍, ഡിസിസി വൈസ്പ്രസിഡന്റ് കടകംപള്ളി ഹരിദാസ്, കരിക്കകം ശിവന്, കടകംപള്ളി ഷിബു എന്നിവര്‍ നേതൃത്വം നല്കി. തിങ്കളാഴ്ച ആരംഭിച്ച പ്രതിഷേധ സമരത്തിനിടെ കോണ്‍ഗ്രസ് സ്ഥാപിച്ച കൊടികളും ഫ്ലക്സ് ബോര്‍ഡുകളും ഒരു സംഘം നശിപ്പിച്ചിരുന്നു.
കണ്ണമൂല സ്വദേശികളായ രണ്ടുപേരാണ് കൃത്യം നടത്തിയതെന്നു കാണിച്ച് ഡിസിസി പ്രസിഡന്റിന് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികള്‍ പരാതി നല്കി.
ആമയിഴഞ്ചാന്‍ തോട് കടന്നുപോകുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള നെല്ലിക്കുഴി പാലത്തില്‍ വെള്ളം തടഞ്ഞു നിൽക്കുന്നത് കൊണ്ടാണ് ശക്തമായ മഴയുണ്ടാകുന്ന സമയത്ത് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാകുന്നതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
കണ്ണമൂല, ഗൗരീശപട്ടം ഭാഗങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി അനുഭവപ്പെടുക. ദിവസങ്ങള്‍ക്കുശേഷമാണ് ഇവിടങ്ങളില്‍ വെള്ളമിറങ്ങുന്നതും. ജനങ്ങളെ ദുരിതത്തിലാക്കുന്ന പാലം പൊളിച്ചു നീക്കണമെന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.
കഴിഞ്ഞദിവസം പ്രവര്‍ത്തകര്‍ പാലത്തില്‍ റീത്ത് വച്ച് പ്രതിഷേധിച്ചിരുന്നു.