പാളയം കത്തീഡ്രൽ 150-ാം വാർഷിക സമാപനം ഡിസംബർ ഒന്നുമുതൽ
1374022
Tuesday, November 28, 2023 1:09 AM IST
തിരുവനന്തപുരം: പാളയം സെന്റ് ജോസഫ്സ് മെട്രോപ്പോളിറ്റൻ കത്തീഡ്രൽ ദേവാലയത്തിന്റെ 150-ാം വാർഷിക സമാപനം ഡിസംബർ ഒന്നു മുതൽ മൂന്നുവരെ ദിവസങ്ങളിൽ നടക്കും.
ഈ ദിവസങ്ങളിൽ സെന്റ് ജോസഫ്സ് മെട്രോപ്പോളിറ്റൻ കത്തീഡ്രൽ ദേവാലയത്തിനു പിന്നിലെ വിശുദ്ധ മദർ തെരേസ ഹാളിൽ സംഘടിപ്പിക്കുന്ന ചരിത്ര സാംസ്കാരിക പ്രദർശനം ഡിസംബർ ഒന്നിന് രാവിലെ പത്തിന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പ്രസ്ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടർ സിബി കാട്ടാന്പള്ളി മുഖ്യ സന്ദേശം നൽകും. ഡിസംബർ ഒന്ന് വെള്ളി കാരുണ്യ ദിനമായി ആചരിക്കും.
വൈകുന്നേരം 5.30ന് ആരംഭിക്കുന്ന പൊന്തിഫിക്കൽ സമൂഹ ബലിക്ക് നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ മുഖ്യകാർമികനായിരിക്കും. ഡിസംബർ രണ്ട് ശനി കുടുംബ കൂട്ടായ്മാദിനമായി ആചരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കുടുംബക്കൂട്ടായ്മകളുടെ ശാക്തീകരണം ശുശ്രൂഷകളിലൂടെ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന നേതൃസംഗമത്തിൽ റവ.ഡോ.ആർ.ബി. ഗ്രിഗറി വിഷയം അവതരിപ്പിക്കും.
5.30ന് ആരംഭിക്കുന്ന പൊന്തിഫിക്കൽ സമൂഹബലിക്ക് പുനലൂർ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ മുഖ്യകാർമികത്വം വഹിക്കും. അന്നു വൈകുന്നേരം 6.30ന് വിവിധ വാർഡുകളുടെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തിൽ കലാസന്ധ്യയും തുടർന്ന് സ്നേഹവിരുന്നും സംഘടിപ്പിക്കും.
ഡിസംബർ മൂന്ന് ഞായർ വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോയുടെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ സമൂഹബലി. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വചന സന്ദേശം നൽകും.
വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന പൊതുസമ്മേളനം തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരീ ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോ അധ്യക്ഷനായിരിക്കും.
ആർച്ച് ബിഷപ്പ് എമിരറ്റസ് ഡോ.എം. സൂസപാക്യം, നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, കൊല്ലം തുളസി തുടങ്ങിയവർ പ്രസംഗിക്കും.