നെല്ലിക്കുഴി പാലം: കളക്ടറുടെ അടിയന്തര യോഗം ഇന്ന്
1374021
Tuesday, November 28, 2023 1:09 AM IST
തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ടിന്റെ പ്രധാനകാരണങ്ങളിൽ ഒന്നായ നെല്ലിക്കുഴി പാലം നിർമാണത്തിന്റെ അശാസ് ത്രീയതയാണെന്നു റസിഡന്റ്സ് അസോസിയേഷനുകൾ.
രണ്ടു ദിവസം മുന്പ് പിഡബ്ല്യുഡിയിൽനിന്നു വിരമിച്ച രണ്ട് എൻജിനിയർമാരുടെ സാന്നിധ്യത്തിൽ അസോസിയേഷനുകൾ നടത്തിയ പരിശോധനയിൽ പാലം നിർമാണത്തിൽ അപാകതയുണ്ടെന്നു കണ്ടെത്തിയിരുന്നു.
പാലത്തിന്റെ ആകെ നീളം 30 മീറ്ററാണ്. ആദ്യത്തെ അഞ്ചു മീറ്ററിൽ ഒന്നാമത്തെ സ്പാൻ, ഇരുപതു മീറ്ററിനു ശേഷം രണ്ടാമത്തെ സ്പാൻ, അവസാനത്തെ അഞ്ചു മീറ്ററിൽ മൂന്നാമത്തെ സ്പാൻ ഇങ്ങനെയാണ് പാലത്തിന്റെ നിർമാണം പൂർത്തികരിക്കുന്നത്. എന്നാൽ ആദ്യത്തെയും അവസാനത്തെയും സ്പാനുകളിൽ മാലിന്യങ്ങൾ അടിഞ്ഞ് ഉപയോഗശൂന്യമാകുമെന്നും, മധ്യഭാഗത്തെ 20 മീറ്റർ സ്പാനിലൂടെ മാത്രമേ വെള്ളം ഒഴുകൂയെന്നും പരിശോധനയിൽ തെളിഞ്ഞു.
ഈ സാഹചര്യത്തിൽ പട്ടം, ഉള്ളൂർ തോടുകളിൽ നിന്നും ആമയിഴഞ്ചാൻ തോടുവഴി ഒഴുകിയെത്തുന്ന വെള്ളത്തെ നെല്ലിക്കുഴി പാലത്തിൽ തടയണ തീർത്തു നിയന്ത്രിക്കുന്നതിനു സമാനമായ അവസ്ഥ വരും. ഇത് അതീവഗുരുതരമാണെന്നും വെള്ളപ്പൊക്കത്തിന്റെ ശക്തി വർധിപ്പിക്കുമെന്നും ഗൗരീശപട്ടം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മോഹൻ വർഗീസ് അറിയിച്ചു.
നെല്ലിക്കുഴി പാലത്തിന്റെ അശാസ്ത്രീയതയുമായി ബന്ധപ്പെട്ട് കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ ഇന്നു വൈകുന്നേരം 5.30നു കളക്ടറേറ്റിൽ അടിയന്തര യോഗം ചേരും. അസോസിയേഷൻ ഭാരവാഹികളും, ഇറിഗേഷൻ- റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുക്കും.
പാലത്തിന്റെ അശാസ്ത്രീയത പരിഹരിക്കുക, വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തുക. അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നിക്കം ചെയ്യുക, പാലത്തിന്റെ ഇരുവശത്തും വളർന്നു നിൽക്കുന്ന ചെടികൾ നീക്കം ചെയ്യുക, പാർശ്വഭിത്തികൾ കെട്ടി സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ അവതരിപ്പിക്കും.
കഴിഞ്ഞദിവസം നെല്ലിക്കുഴി പാലം സന്ദർശിച്ച കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ പാ ലത്തിന്റെ നിർമാണം അശാസ്ത്രീയമാണെന്നു കുറ്റപ്പെടുത്തിയിരുന്നു. വിഷയത്തിൽ ഇപ്പോൾ സമരമിത്തിനില്ലെന്നും, പരിഹാരം വൈകിയാൽ സമരവുമായി രംഗത്തുവരുമെന്നും ഗൗരീശപട്ടം റസി. അസോസിയേഷൻ സെക്രട്ടറി കെ. രാധാകൃഷ്ണൻ പറഞ്ഞു.