പള്ളം ഗവ. മുഹമ്മദൻ എൽപി സ്കൂൾ അപകട ഭീഷണിയിൽ
1374018
Tuesday, November 28, 2023 1:09 AM IST
വിഴിഞ്ഞം: ഒട്ടേറെ മത്സ്യ തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന തീരദേശത്തെ സർക്കാർ സ്കൂൾ കെട്ടിടം തകർച്ചയുടെ വക്കിൽ. വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയെന്ന് സർക്കാർ അവകാശവാദം മുഴക്കുമ്പോഴും ഒരു നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന കരുംകുളം പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളായ പള്ളം ഗവ. മുഹമ്മദൻ എൽപി സ്കൂൾ കെട്ടിടമാണ് അപകട ഭീഷണി നേരിടുന്നത്.
സ്കൂളിന്റെ പ്രധാന കെട്ടിടം ജീർണാവസ്ഥയിലായിട്ട് വർഷങ്ങളായെങ്കിലും പുതിയ കെട്ടിടം വേണമെന്ന രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.
ജനസാന്ദ്രതയിൽ മുന്നിൽ നിൽക്കുന്ന കരുംകുളം പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ ശോച്യവസ്ഥ കാരണം കുട്ടികളുടെ എണ്ണവും കുറഞ്ഞു.
ഓടുമേഞ്ഞ കെട്ടിടത്തിന്റെ ചുവരുകൾ വിണ്ടുകീറിയും കഴുക്കോലുകൾ ചിതലരിച്ചും, ഓട് മുഴുവൻ പൊട്ടിപ്പൊളിഞ്ഞ രീതിയിലാണ് കെട്ടിടം. മഴക്കാലത്ത് ക്ലാസ് മുറികളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹ ചര്യമാണ് നിലവിലുള്ള ത്. കഴുക്കോലിൽ പിടിച്ച ചിതൽപ്പുറ്റ് ഇളകി കുട്ടികളുടെ തലയിൽ വീഴുന്നത് പതിവാണെന്നും ബന്ധപ്പെട്ടവർ പറയുന്നു.
1922-ൽ പ്രദേശവാസിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന മുഹമ്മദാണ് സ്കൂളിന്റെ സ്ഥാപകൻ. കുടുംബ ഓഹരിയായ കിട്ടിയ 66 സെന്റ് ഭൂമിയിലാണ് സ് കൂൾ ആരംഭിച്ചത്. ഓല മേഞ്ഞ സ്കൂളിന്റെ നടത്തിപ്പിനു വേണ്ടത്ര പണം ഇല്ലാത്തതും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ബന്ധുകൾ തയാറാകാത്തതിനാൽ 1957-ൽ സ്കൂൾ സർക്കാരിന് കൈമാറി. തുടർന്ന് സർക്കാർ 1958-ൽ നിർമിച്ച ഓടുമേഞ്ഞ കെട്ടിടമാണ് ഇന്നും ജീർണാവസ്ഥയിൽ തുടരുന്നത്.
തീരപ്രദേശത്തെ പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കൂടാതെ മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുമുണ്ട്. കുരുന്നുകളുടെ ജീവന് സംരക്ഷണം നൽകാൻ അധികൃതർ പുതിയ കെട്ടിടം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.