ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം: വി.എം.സുധീരൻ
1374016
Tuesday, November 28, 2023 12:55 AM IST
തിരുവനന്തപുരം: ഗുജറാത്ത് കലാപത്തിനുശേഷം അധികാരത്തിൽ വന്ന യുപിഎ സർക്കാർ കലാപത്തേക്കുറിച്ച് കാര്യമായി അന്വേഷിച്ചിരുന്നുവെങ്കിൽ ബിജെപിയും നരേന്ദ്രമോദിയും ഇന്ത്യയിൽ നിന്ന് അപ്രസക്തമാകുമായിരുന്നുവെന്ന് നിയമസഭാ മുൻ സ്പീക്കർ വി.എം. സുധീരൻ അഭിപ്രായപ്പെട്ടു. ആർ.ബി. ശ്രീകുമാർ ഭരണഘടനാ സംരക്ഷണ സമിതിയുടെ കേന്ദ്ര കമ്മിറ്റി ഓഫീസ് വഞ്ചിയൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാം പാർലമെന്റിൽ 367 എംപിമാരുടെ മഹാഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും 16 അംഗങ്ങൾ മാത്രമുള്ള കമ്യൂണിസ്റ്റ് പാർട്ടിയെ പ്രതിപക്ഷമായി അംഗീകരിക്കാനും അവരുടെ നേതാവായിരുന്ന എകെജിയെ പ്രതിപക്ഷ നേതാവ് ആക്കാനുള്ള ജനാധിപത്യത്തിന്റെ ഉദാത്ത മാതൃക ജവഹർലാൽ നെഹ്റു കാണിച്ചു.
പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്ന വേളയിൽ പാർലമെന്റിൽ സന്നിഹിതനാകാനും അവരുടെ അഭിപ്രായങ്ങൾ കേൾക്കാനും പണ്ഡിറ്റ് ജി ശ്രദ്ധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സ്വന്തം കോർപറേറ്റ് നേതാവിന്റെ പേര് പാർലമെന്റിൽ പറഞ്ഞതിന് രാഹുൽഗാന്ധിയെ പാർലമെൻറിൽനിന്നും പുറത്താക്കുന്ന തരത്തിലാണ് ജനാധിപത്യ മൂല്യങ്ങൾ നമ്മുടെ രാജ്യത്ത് തകർന്നടിഞ്ഞിരിക്കുന്നത്.
സംസ്ഥാന ഭരണകൂടം നടത്തുന്ന അഴിമതിക്കെതിരെയും പ്രകൃതി ചൂഷണം ചെയ്യുന്നതിനെതിരെയും നടക്കുന്ന സമരങ്ങളിൽ രാഷ്ട്രീയ അതിപ്രസരം കാരണം ഭരണ- പ്രതിപക്ഷത്തിന് താല്പര്യമില്ലാത്ത സാഹചര്യത്തിൽ ജനകീയ പ്രശ്നങ്ങളെ മുൻനിർത്തിയുള്ള ജനാധിപത്യ, മതേതര അഴിമതി വിരുദ്ധ പ്രസ്ഥാനമായി ആർ.ബി. ശ്രീകുമാർ ഭരണഘടന സംരക്ഷണ സമിതി മുന്നേറണമെന്ന് വി.എം. സുധീരൻ പറഞ്ഞു.
ആർ.ബി. ശ്രീകുമാർ ഭരണഘടന സംരക്ഷണ സമിതി ജില്ലാ ചെയർമാൻ എം. മുഹിനുദീൻ, അധ്യക്ഷത വഹിച്ചു. വി.എസ്. ഹരീന്ദ്രനാഥ്, ആർ.ടി. പ്രദീപ്, ജി. ബാലകൃഷ്ണപിള്ള, കാരോട് അയ്യപ്പൻ നായർ, നെയ്യാറ്റിൻകര ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.