കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന വിദ്യാദര്‍ശന്‍ പ്രയാണത്തിന് സ്വീകരണം ഇന്ന്
1374013
Tuesday, November 28, 2023 12:55 AM IST
ചങ്ങനാശേരി: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്ഗോട്ടുനിന്നുമാരംഭിച്ച വിദ്യാദര്‍ശന്‍ പ്രയാണ വാഹന പ്രചരണ ജാഥയ്ക്ക് ഇന്നു വൈകുന്നേരം ആറിന് അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്വീകരണം നല്‍കും.
ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അതിരൂപത കോര്‍പറേറ്റ് അസിസ്റ്റന്റ് കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ക്രിസ്റ്റോ നേര്യംപറമ്പില്‍, കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്റ് ഈശോ തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റിന്റെയും ടീച്ചേഴ്സ് ഗില്‍ഡിന്റെയും ആഭിമുഖ്യത്തില്‍ വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളില്‍നിന്നു ജാഥയെ സ്വീകരിച്ചു വാഹനങ്ങളുടെ അകമ്പടിയോടെ കവലചുറ്റി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തും.
തുടര്‍ന്നു നടക്കുന്ന സമ്മേളനം അതിരൂപത വികാരിജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഈശോ തോമസ് അധ്യക്ഷത വഹിക്കും. ടീച്ചേഴ്സ് ഗില്‍ഡ് അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചങ്ങനാശേരി, കുറുമ്പനാടം, നെടുംകുന്നം സോണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും ഈ പ്രദേശങ്ങളിലെ പ്രഥമാധ്യാപകരും അധ്യാപക-അനധ്യാപകരും സ്വീകരണ പരിപാടികള്‍ക്കു നേതൃത്വം നല്‍കും. വൈസ് പ്രസിഡന്റ് ഷൈ നി കുര്യാക്കോസ്, സെക്രട്ടറി ഡോ. ജിഷാമോള്‍ അലക്സ്, ജോയിന്റ് സെക്രട്ടറി ജോഘേഷ് വര്‍ഗീസ്, ട്രഷറര്‍ സോജന് ജോസഫ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.