നെടുമങ്ങാട് ആനാട് പഞ്ചായത്തിൽ കിടപ്പ് രോഗികൾ വലയുന്നു
1374010
Tuesday, November 28, 2023 12:55 AM IST
നെടുമങ്ങാട്: ആനാട് പഞ്ചായത്തിൽ കിടപ്പുരോഗികൾ വലയുന്നു. ആവശ്യമായ ജീവൻ രക്ഷാമരുന്നുകൾ ഇല്ലാതെയാണ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനമെന്നും ആരോപണം. 200 ഓളം കിടപ്പ് രോഗികളാണ് പഞ്ചായത്തിൽ ഉള്ളത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10ലക്ഷം പാലിയേറ്റീവ് കെയറിനും അഞ്ചുലക്ഷം മരുന്നുവാങ്ങുന്നതിനും ഒരുലക്ഷം രൂപ പ്രമേഹ രോഗികൾക്കും ഒന്നേകാൽ ലക്ഷം രൂപ വൃക്ക രോഗികൾക്കുമായി പ്രത്യേകം ഫണ്ട് വച്ചിരുന്നു.
അതിനുപുറമേ 75 ലക്ഷം രൂപ പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനായി പഞ്ചായത്ത് ഫണ്ട് പ്രത്യേകം മാറ്റിവെച്ചിട്ടുണ്ടായിരുന്നു. ഒരു ഡോക്ടറുടെയും രണ്ട് നഴ്സുമാരുടെയും ഒരു ഫാർമസിസ്റ്റിന്റേയും ലാബ് ടെക്നീഷ്യന്റേയും സേവനം പഞ്ചായത്ത് നടപ്പിലാക്കിയിരുന്നു.
ഇതുൾപ്പെടെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഏഴ് ഡോക്ടർമാരുടെ സേവനവും ലഭ്യമായിരുന്നു. പക്ഷേ ഇപ്പോൾ സാധാരണക്കാരായ ആൾക്കാർ ആദ്യം ഓടിയെത്തുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്നവർക്ക് ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ ലഭ്യമാകുന്നില്ലെന്നും വ്യാപക പരാതിയുണ്ട്.
കിടപ്പ് രോഗികളായ ആൾക്കാരിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർക്കുപോലും കൊടുക്കാൻ മരുന്നില്ലാത്ത അവസ്ഥയിലാണ് കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. സാധാരണക്കാരായ രോഗികൾക്ക് അടിയന്തരമായി സൗകര്യം ഒരുക്കാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് പറഞ്ഞു.