കനത്ത മഴ: മരങ്ങൾ കടപുഴകി വീടിനു മുകളിൽ വീണു
1339824
Monday, October 2, 2023 12:10 AM IST
തിരുവനന്തപുരം: ഇന്നലെ പെയ്തിറങ്ങിയ മഴയിൽ പലയിടങ്ങളിലും നാശനഷ്ടം ഉണ്ടായി. നഗരത്തിനുള്ളിൽ തന്നെ പത്തിലധികം സ്ഥലങ്ങളിൽ മഴയോട് അനുബന്ധിച്ചുള്ള ചെറുതും വലുതുമായ അപകടങ്ങൾ സംഭവിച്ചു ഇന്നലെ രാവിലെ എട്ടോടെ മണ്ണന്തല മുക്കോല പണ്ടാരവിളയിൽ് തെങ്ങ് വീണ് റോഡ് ഗതാഗതം തടസപ്പെട്ടു.
അഗ്നിശമനസേനയെത്തിയാണ് തെങ്ങു വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. പത്തരയോടെ തിരുമല വിജയ മോഹിനി മില്ലിന് സമീപം മിലിറ്ററി കാന്റീന് മുകളിലേയ്ക്ക് വലിയ മരം കടപുഴകി വീണു. കനത്തമഴയിൽ പൂജപ്പുര വനിതാ ജയിൽ ക്വാർട്ടേഴ്സിന്റെ ഭാഗത്തുനിന്നിരുന്ന തണൽ മരം ക്വാർട്ടേഴ്സിന്റെ മുകളിലേയ്ക്ക് പതിച്ചു.
വൈകുന്നേരം പാപ്പനംകോട് വിശ്വംഭര റോഡിൽ പുഷ്പ നഗർ പി -ത്രിയിലെ റോഡിൽ വാഹനം ചെളിയിൽ താണു. ഫയർഫോഴ്സ് എത്തിയാണ് വാഹനം നീക്കം ചെയ്തത്. കരമന നെടുങ്കാട് റോഡിന്റെ മതിൽ ഇടിഞ്ഞു വീണു. പാറോട്ടുകോണം ബിജോയ് എന്ന ആളുടെ വീടിന്റെ ചുവർ ഇടിഞ്ഞുവീണു.
കനത്ത മഴയെ തുടർന്ന് ശാസ്തമംഗലം കൊച്ചാർ റോഡ്, ഗൗരീശപട്ടം തേക്കും മൂട്, ഇടപ്പഴിഞ്ഞി ചിത്രാ നഗർ എന്നിവിടങ്ങളിൽ വെള്ളം കയറി. ഇവിടെയും തിരുവനന്തപുരം ഫയർഫോഴ്സിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ് ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി.