തിരുവിതാംകൂർ രാജകുടുംബം രാജാരവിവർമ ആർട്ട്ഗാലറി സന്ദർശിച്ചു
1339813
Monday, October 2, 2023 12:01 AM IST
തിരുവനന്തപുരം: രാജാരവിവർമ ചിത്രങ്ങളുടെ ഏറ്റവും വലിയ ശേഖരമുള്ള തിരുവനന്തപുരം രാജാരവിവർമ ആർട്ട് ഗാലറി തിരുവിതാംകൂർ രാജകുടുംബം സന്ദർശിച്ചു.
അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായി, മകൻ ആദിത്യവർമ, ഭാര്യ രശ്മി വർമ, കൊച്ചുമക്കൾ ഗൗരി വർമ, പ്രഭ വർമ എന്നിവരാണ് മ്യൂസിയം മൃഗശാല ഡയറക്ടർ എസ്.അബുവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ആർട്ട് ഗാലറിയിൽ എത്തിയത്.
രാജാരവിവർമയുടെയും അദ്ദേഹത്തിന്റെ ആദ്യ ഗുരുവും അമ്മാവനുമായ രാജരാജ വർമ്മയുടെയും, അനുജൻ സി. രാജരാജ വർമയുടെയും സഹോദരി മംഗളാ ഭായിയുടെയും മറ്റു സമകാലികരായ കലാകാരൻമാരുടെയും 135 സൃഷ്ടികളാണ് ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.
ഡയറക്ടർ എസ് അബുവിനും മ്യൂസിയം സൂപ്രണ്ട് മഞ്ചുള്ളക്കുമൊപ്പം ചിത്രങ്ങൾ ദർശിച്ച ലക്ഷ്മിഭായി ഓരോ ചിത്രങ്ങളുടെയും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ചില ചിത്രങ്ങളുടെ ചരിത്രവും കഥകളും ഗൗരി ലക്ഷ്മിഭായി വിവരിച്ചു.
ചരിത്രകാരി ഉമാമഹേശ്വരി ലക്ഷ്മിഭായിക്കൊപ്പം ചിത്രദർശനത്തിനു കൂടി. രവിവർമയുടെ കലാസൃഷിടികളെ ഏറ്റവും മനോഹരമായാണ് ഗാലറിയിൽ ഒരുക്കിയിരിക്കുന്നതെന്നും, അതു തനിമയോടെ കാത്തു സൂക്ഷിക്കുന്ന ജീവനക്കാർക്ക് എല്ലാ വിധ ആശംസകളും നേരുന്നതായി ലക്ഷ്മിഭായി അറിയിച്ചു.