മകൻ തിരിച്ചെത്തി, നന്ദി പറഞ്ഞ് അച്ചൻ
1339301
Saturday, September 30, 2023 12:08 AM IST
കാട്ടാക്കട: തന്റെ സുഹ്യത്തിനു കളർ പെൻസിൽ നൽകണമെന്ന് കത്തെഴുതി വച്ച് കാട്ടാക്കടയിൽ നിന്നും കാണാതായ കുട്ടിയെ ആശങ്കയ്ക്കൊടുവിൽ കണ്ടെത്തി. കണ്ടെത്താൻ സഹായിച്ചു എല്ലാവരോടും നന്ദി പറഞ്ഞ് അച്ഛൻ.
വെള്ളിയാഴ്ച പുലർച്ചെ ആണ് എട്ടാം ക്ലാസ് വിദ്യാർഥി പതിമൂന്നുകാരൻ വീട് വിട്ടിറങ്ങിയത് . പുലർച്ചെ വീടിനു സമീപത്തെ പ്രതിഷ്ഠ പൂജക്കായി എഴുന്നേറ്റ് നോക്കുമ്പോഴാണ് വീടിന്റെ പിൻവാതിൽ തുറന്ന് കിടക്കുന്നത് അച്ചൻ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കാണാതായതായി കണ്ടെത്തി.
ഇതോടെ പോലീസിലും മറ്റ് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു. ആദ്യം നടത്തിയ അന്വേഷണത്തിൽ സമീപത്തെ സിസിടിവി ദൃശ്യത്തിൽ കുട്ടി കുടയുമായി നടന്നു പോകുന്നത് കണ്ടെത്തി.
തുടർന്ന് കാട്ടാക്കട ബസ് സ്റ്റാൻഡിൽ എത്തിയതായും അവിടെ നിന്ന് ബാലരാമപുരത്തും നെയ്യാറ്റിൻകരയിലും പോയതായും ഇവിടങ്ങളിൽ കുട്ടിയെ കണ്ടതായി ചിലർ അറിയിച്ചത് അനുസരിച്ച് പോലീസ് ഇവിടെയെല്ലാം എത്തി തെരച്ചിൽ നടത്തി. ഇതിനിടെ കുട്ടിയെ നെയ്യാർ ഡാം കാട്ടാക്കട ബസിൽ കണ്ടതായി വിവരമെത്തി.
ഇതോടെ പോലീസ് കെഎസ്ആർടിസി അധികൃതരുമായി ബന്ധപ്പെട്ട് ബസ് കാട്ടാക്കട സ്റ്റേഷനു മുന്നിൽ എത്തിക്കാൻ നിർദേശം നൽകിയതനുസരിച്ച് കാട്ടാക്കട സ്റ്റേഷനു മുന്നിലെത്തിയ ബസിൽ നിന്ന് സ്റ്റേഷനിലെ പോലീസുകാർ കുട്ടിയെ കണ്ടെത്തി കാട്ടാക്കട സ്റ്റേഷനിൽ എത്തിച്ചു.
തുടർന്ന് ഇവിടെ വനിതാ പോലീസ് കുട്ടിയിൽ നിന്നും കാര്യങ്ങൾ ചോദിച്ച് മനസിലാക്കി മൊഴി രേഖപ്പെടുത്തി. പോലിസ് നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി കുട്ടിയെ കോടതി മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
കൊതിച്ചത് ഫ്ളോറിഡയിലേക്ക് പോകാൻ
കാട്ടാക്കട: കാട്ടാക്കട ഉൾപ്പടെയുള്ള പ്രദേശത്തെ ആശങ്കയിലാക്കിയ ഈ തിരോധാനത്തിന് ശുഭകരമായ പരിസമാപ്തി . ഏഴ് മണിക്കൂർ നീണ്ടു നിന്ന ആശങ്കകൾ അകന്നതോടെ സാമൂഹ്യമാധ്യമങ്ങൾ ഉൾപ്പടെ ആശ്വാസ കിരണങ്ങൾ. അമ്മ അച്ഛാ ഞാൻ പോകുന്നു. എന്റെ കളർ പെൻസിൽ എട്ട് എ യിലെ കുട്ടിക്ക് കൊടുക്കണം .ഞാൻ പോകുന്നു എന്നാണ് കത്തെഴുതി വച്ചു കുട്ടി വീട് വിട്ടത്.
വളർത്തുമൃഗങ്ങളോടും പക്ഷികളോടും അതിയായ വാത്സല്യവും താത്പര്യമുള്ള കുട്ടിക്ക് ഒരു മൃഗ ഡോക്ടർ ആകണമെന്നതാണ് ആഗ്രഹം എന്ന് അച്ഛൻ പറഞ്ഞു. യൂട്യൂബിലും സാമൂഹ്യ മാധ്യമങ്ങളിലും നോക്കി പക്ഷികളെയും മൃഗങ്ങളെയും മീനുകളെ കുറിച്ചുമൊക്കെ കാണുന്നതും അതിനെക്കുറിച്ച് അറിയുന്നതും സാമാന്യം തരകേടില്ലാതെ പഠിക്കുന്ന കുട്ടിയുടെ രീതിയായിരുന്നു.
മീനുകളെയും പക്ഷികളെയും ഒക്കെ വാങ്ങുന്ന കാര്യവും വളർത്തുന്നതും പരിപാലിക്കുന്നതും ഒക്കെ പലപ്പോഴായി കുട്ടി തന്നോട് സംസാരിച്ചിരുന്നു എന്നും ഇവ ആവശ്യപ്പെട്ടിരുന്നു എന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. വിലകൂടിയ മത്സ്യം ഒക്കെ വാങ്ങുന്ന കാര്യം പറയുമ്പോൾ ജോലി കിട്ടിയതിനുശേഷം കാശൊക്കെ ഉണ്ടാക്കി വാങ്ങണം അതാണ് മിടുക്കനായ കുട്ടി എന്നും അച്ഛൻ കുട്ടിയോട് പറയുമായിരുന്നു.
എന്നാൽ ഇതിനിടെ ഫ്ളോറിഡയിൽ പോകുന്ന കാര്യത്തെക്കുറിച്ച് കുട്ടി ചോദിച്ചിരുന്നു എങ്ങനെയാണ് ഫ്ളോറിഡയിൽ പോകുക എന്ന കുട്ടിയുടെ ചോദ്യത്തിന് പാസ്പ്പോർട്ട്, വിസ തുടങ്ങിയ സംവിധാനങ്ങൾ ഒക്കെകൊണ്ട് വിമാനത്തിലാണ് പോകേണ്ടത് എന്ന് പറഞ്ഞിരുന്നു. ഇതൊന്നുമില്ലാതെ പോകാൻ കഴിയില്ലേ എന്ന കുട്ടിയുടെ ചോദ്യത്തിന് ഇല്ല എന്ന് അച്ഛന്റെ മറുപടി ഉണ്ടായെങ്കിലും ഞാൻ പോയാലോ പോയി നോക്കട്ടെ എന്നൊക്കെ ചോദിച്ചു.
എന്നാൽ പോയിട്ട് വാ എന്ന് തമാശ രൂപേണ അച്ചൻ മറുപടി നൽകിയിരുന്നു. ഇതിനുശേഷം ദിവസങ്ങൾ കഴിഞ്ഞാണ് കുട്ടി സ്കൂളിൽ പോകുമ്പോൾ തിരികെ ബസ് കിട്ടാത്ത അവസരത്തിൽ ഓട്ടോറിക്ഷ പിടിച്ചു വരുന്നതിനായി നൽകിയിരുന്ന 300 രൂപ ചെലവാക്കി ഫ്ളോറിഡയിൽ പോകാൻ വീടുവിട്ടിറങ്ങിയത്.
ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന് തന്റെ കളർ പെനിസിലുകൾ കൊടുക്കണം ഞാൻ പോകുന്നു എന്ന് കത്ത് എഴുതി വചാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്കാട്ടാക്കട എസ്എച്ച്ഒ ഷിബു കുമാർ,എസ് ഐ ശ്രീനാഥ് ഉൾപ്പെടെ പോലീസ്, ബന്ധുക്കൾ, സുഹൃത്തുക്കൾ,മാധ്യമപ്രവർത്തകർ,ചൈൽഡ് പ്രൊട്ടക്ഷൻ ടീം,തുടങ്ങി വിവിധ സംഘടനകൾ എക്സൈസ്, ഇതര സര്ക്കാര്, സ്വകാര്യ ജീവനക്കാർ,തുടങ്ങി എല്ലാവരുടെയും സമയോചിതമായി പ്രവർത്തനം കുട്ടിയെ തിരിച്ച് കിട്ടാൻ സഹായകമായി എന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.