മൊബൈൽ ഹൃദ്രോഗ നിർണയ ക്ലിനിക്കുമായി കിംസ്ഹെൽത്ത്
1339107
Friday, September 29, 2023 12:42 AM IST
തിരുവനന്തപുരം: ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് മൊബൈൽ ഹൃദ്രോഗ നിർണയ ക്ലിനിക്കുമായി കിംസ്ഹെൽത്ത്. കെഎസ്ആർടിസി ബസിൽ പ്രത്യേകം സജമാക്കിയ സൗജന്യ ക്ലിനിക്ക് ഒരാഴ്ച്ച ജില്ലയിലെ പല ഭാഗങ്ങളിലെത്തും. കിംസ്ഹെൽത്ത് ഈസ്റ്റ് ബ്ലോക്കിൽ നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു മൊബൈൽ ക്ലിനിക്ക് ഫ്ലാഗ് ഓഫ് ചെയ്തു.
ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗ സാധ്യതകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരമൊരു സേവന മനോഭാവവുമായി മുന്നോട്ടു വന്ന കിംസ്ഹെൽത്തിന്റെ സാമൂഹിക പ്രതിബധതയെ ആന്റണി രാജു പ്രശംസിച്ചു.
കിംസ്ഹെൽത്തിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാർ രചിച്ച 'എന്നും ആരോഗ്യത്തോടെ തുടിക്കട്ടെ' എന്ന പുസ്തകവും ചടങ്ങിൽ മന്ത്രി സീനിയർ കൺസൾട്ടന്റ് ഡോ. രമേശ് നടരാജന് നൽകി പ്രകാശനം ചെയ്തു.
പ്രായഭേദമന്യേ ഹൃദ്രോഗം വില്ലനാകുന്ന കാലത്ത് ബോധവൽക്കരണം പോലെ പ്രധാനമാണ് നേരത്തെയുള്ള രോഗനിർണയമെന്നും, ചെറുപ്പം മുതലേ കൃത്യമായ ഇടവേളകളിൽ ഹൃദ്രോഗ പരിശോധനകൾക്ക് വിധേയരാവണമെന്നും കിംസ്ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. എം.ഐ.സഹദുള്ള അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
'ബൈപ്പാസ് ദ് ബ്ലോക്ക്' എന്ന ആശയത്തിലൂന്നി സംഘടിപ്പിച്ച പരിപാടിയിൽ കിംസ്ഹെൽത്ത് വൈസ് ചെയർമാൻ ഡോ. ജി. വിജയരാഘവന് ഹൃദയദിന സന്ദേശം നൽകി. കാർഡിയോളജി വിഭാഗം കൺസൽട്ടന്റ് ഡോ.എസ്.വി.പ്രവീൺ, കാർഡിയോതൊറാസിക് വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. ഷാജി പാലങ്ങാടൻ തുടങ്ങിയവർ പ്രസംഗിച്ചു.