വിളപ്പിൽശാലയിൽ കടകളിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്
1339103
Friday, September 29, 2023 12:42 AM IST
കാട്ടാക്കട: വിളപ്പിൽശാല ജംഗ്ഷനിലെ മൂന്ന് കടകൾ കുത്തി തുറന്ന് 50000 രൂപയോളം കവർന്ന കേസിലെ പ്രതിയെ തമിഴ്നാട്ടിൽ നിന്നും പിടികൂടി. തമിഴ്നാട് തിരുവാന്തൂർ കാസാടി കൊല്ലായിൽ മുരുകാനന്ദനെ (42 ) യാണ് വിളപ്പിൽശാല പോലീസ് അറസ്റ്റു ചെയ്തത്.
വിളപ്പിൽശാല ജംഗ്ഷനിലെ വിനായക പവർടൂൾസ്, ശിവപ്രിയ സ്റ്റേഷനറി, വിളപ്പിൽശാല ക്ഷേത്ര ജംഗ്ഷനിലുള്ള മുറുക്കാൻകട എന്നിവിടങ്ങളിൽ നിന്നുമാണ് പണം കവർന്നത്. ആയുധം ഉപയോഗിച്ച് വാതിൽ കുത്തിതുറന്നാണ് പ്രതി അകത്തു കയറിയത്. സിസിടിവി ദ്യശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞതും തുടർന്ന് പിടികൂടുന്നതും.
പ്രതി മൂന്നുമാസമായി ആശുപത്രി റോഡിലുള്ള ചായക്കടയിൽ ജോലിക്ക് നിൽക്കുകയായിരുന്നു. മോഷണം നടത്തിയ ശേഷം അന്നേ ദിവസം തന്നെ പ്രതി തമിഴ്നാട്ടിലേയ്ക്ക് കടന്നു.
കാട്ടാക്കട ഡിവൈഎസ്പി ഷിബുവിന്റെ മേൽനോട്ടത്തിൽ വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ.സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ആശിഷ്, ജിഎസ്ഐ ബൈജു, സിപിഒമാരായ പ്രദീപ്, അരുൺ, ജയശങ്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുചെന്ദൂർ, ത്യച്ചി, ഗാന്ധി മാർക്കറ്റ് എന്നിവിടങ്ങളിൽ നിരവധി മോഷണം , ലഹരിമരുന്നു കച്ചവടം എന്നിവ നടത്തിയ കേസുകളിലെ പ്രതിയാണ്.
മോഷണം നടത്തുന്നതിനു മുൻപ് കടകളിൽ മറ്റും ജോലിക്ക് കയറി പ്രദേശത്തെ പറ്റി മനസിലാക്കിയശേഷം, സമീപത്തെ കടകളും മറ്റും കുത്തിതുറന്ന് മോഷണം നടത്തുന്നതാണ് പ്രതിയുടെ പതിവുരീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.