സൗജന്യ ഹൃദയ ചികിത്സ ജീവിതത്തിലേയ്ക്ക് മടങ്ങിയത് 600 ലേറെ കുട്ടികൾ
1339097
Friday, September 29, 2023 12:28 AM IST
മെഡിക്കൽ കോളജ്: എസ്എടി ആശുപത്രിയിൽ നടന്ന ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സയിൽ ജീവിതത്തിലേയ്ക്ക് മടങ്ങിയത് 600ലേറെ കുട്ടികൾ.
സംസ്ഥാന സർക്കാർ 2018 ൽ എസ്എടി പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ കാത്ത് ലാബ് തുടങ്ങി. 2021-ൽ കുട്ടികളുടെ ഹൃദയശസ്ത്രക്രിയാ തീയറ്ററും സജ്ജമാക്കിയതോടെയാണ് ഇത്രയധികം കുട്ടികൾക്ക് ശസ്ത്രകിയ നടത്താനായത്.
ഇത്തവണ ലോക ഹൃദയദിനം ആചരിക്കുമ്പോൾ ഈ നേട്ടം എസ്എടി ആശുപത്രിയ്ക്ക് കൂടുതൽ ഊർജ്ജം പകരും. വകുപ്പു മേധാവി ഡോ.എസ്. ലക്ഷ്മിയുടേയും അസിസ്റ്റന്റ് പ്രഫ. ഡോ. കെ.എൻ. ഹരികൃഷ്ണന്റേയും നേതൃത്വത്തിലാണ് പീഡിയാട്രിക് കാർഡിയോളജി വിഭാഗം പ്രവർത്തിക്കുന്നത്.
ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികൾക്ക് ഹൃദയം തുറക്കാതെ കത്തീറ്റർ ചികിത്സ നൽകുന്നതിനുള്ള കാത്ത് ലാബ് സർക്കാർ സംവിധാനത്തിൽ ആദ്യമായി ആരംഭിക്കുന്നത് 2018ൽ എസ്എടി ആശുപത്രിയിലാണ്. 2021ലാണ് കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാ തീയറ്റർ സജ്ജമാക്കിയത്.
ഹൃദയത്തിലെ സുഷിരങ്ങൾ അടയ്ക്കുന്നതിനുള്ള ഡിവൈസ് ക്ലോഷേഴ്സ്, ഹൃദയ വാൽവ് ചുരുങ്ങുന്ന രോഗത്തിനുള്ള ബലൂൺ ചികിത്സ, നവജാത ശിശുക്കളിൽ ജീവൻ നിലനിർത്താനുള്ള പിഡിഎ സ്റ്റെന്റംഗ് എന്നിവ കാത്ത് ലാബിൽ നടത്തുന്നു. 2021-ൽ പീഡിയാട്രിക് കാർഡിയാക് സർജറി തീയറ്റർ വന്നതോടെയാണ് നവജാത ശിശുക്കൾ അടക്കമുള്ള കുട്ടികൾക്ക് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ എസ്എടിയിൽ സൗജന്യമായി ലഭ്യമാക്കിയത്.
ഈ ചികിത്സകളിലൂടെ ജീവിതം തിരികെ ലഭിച്ച കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും മെഡിക്കൽ കോളജ് സിഡിസി ഓഡിറ്റോറിയത്തിൽ ഇന്ന് ഒത്തുചേരും. പരിപാടികൾ രാവിലെ ഒന്പതിന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.