വട്ടിയൂര്‍ക്കാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണത്തിന് അനുവദിച്ചത് 63.45 കോടി
1339096
Friday, September 29, 2023 12:28 AM IST
പേരൂർക്കട: വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സംഥാപനങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട്, ക്ഫ്ബി, എംഎല്‍എ ഫണ്ട് എന്നിവയില്‍ നിന്നും നാലു വര്‍ഷത്തിനുള്ളില്‍ 63.45 കോടി രൂപ അനുവദിച്ചതായി വി.കെ. പ്രശാന്ത് എംഎല്‍എ അറിയിച്ചു. ഇതില്‍ പകുതിയിലേറെ പദ്ധതികളും പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
സെന്‍ട്രല്‍ പോളിടെക്നിക്കിലെ റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സുകളുടെയും ഇന്റേണല്‍ റോഡുകളുടെയും നിര്‍മാണത്തിനായി 13.27 കോടി രൂപയുടെ പദ്ധതി, സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ ക്കായി മൂന്നുനില കെട്ടിടം നിര്‍മിക്കുന്നതിന് 7.5 കോടി രൂപയുടെ പദ്ധതി തുടങ്ങി ഗവ. ലോ കോളജിലെ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിക്കുകൂടി ഭരണാനുമതി ലഭിക്കുന്നതോടെ വട്ടിയൂര്‍ക്കാവിലെ വിദ്യാഭ്യാസ മേഖലയിലെ പദ്ധതികള്‍ക്കുളള തുക 90 കോടി കഴിയുമെന്ന് എംഎല്‍എ പറഞ്ഞു.
ഇതുവരെ അനുവദിച്ച 63.45 കോടിയില്‍ 11.27 കോടി രൂപ കിഫ്ബി ഫണ്ടാണ്. എംഎല്‍എ ഫണ്ടില്‍നിന്നും 4.84 കോടിയും അനുവദിച്ചു. ബാക്കി 47.34 കോടി സര്‍ക്കാരിന്റെ വിവിധ ഫണ്ടുകളില്‍ നിന്നാണ് അനുവദിച്ചത്. കോളജുകള്‍ക്കും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി 42.75 കോടിയും സ്കൂളുകള്‍ക്കായി 20.7 കോടി രൂപയുമാണ് അനുവദിച്ചത്.
പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പ്രവൃത്തികൾ നടപ്പാക്കുന്നതെന്നും വി.കെ. പ്രശാന്ത് എംഎല്‍എ അഭിപ്രായപ്പെട്ടു.