വീടിനുള്ളിലേക്ക് പാമ്പിനെ എറിഞ്ഞതിന് ജയിലിൽ ജാമ്യത്തിലിറങ്ങി വീണ്ടും അതേവീട്ടിൽ അതിക്രമം, യുവാവ് അറസ്റ്റിൽ
1339095
Friday, September 29, 2023 12:28 AM IST
കാട്ടാക്കട: വൈരാഗ്യത്തിന്റെ പേരിൽ പാമ്പിനെ വീടിനുള്ളിലേക്കെറിഞ്ഞു ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തിൽ ഇറങ്ങി വീണ്ടും ആക്രമണം നടത്തി. പ്രതിയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പോലീസിലേൽപ്പിച്ചു.
അമ്പലത്തിൻകാല കുളവിയോട് എസ്.കെ. സദനത്തിൽ കിച്ചു (30) വാണ് അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ വീട്ടിൽ ആക്രമണം നടത്തിയത്. കഴി ഞ്ഞദിവസം രാത്രി പത്തോടെ യായിരുന്നു സംഭവം.
വടിവാളുമായെത്തിയ പ്രതി കേസിൽ കുടുക്കി എന്നാരോപിച്ച് ബഹളം വയ്ക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ആക്രമണത്തെ തുടർന്ന് ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി കിച്ചുവിനെ തടഞ്ഞുവച്ച് കാട്ടാക്കട പോലീസിലേൽപ്പിക്കുകയുമായിരുന്നു.
ഓഗസ്റ്റ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. പുലർച്ചെ വീടിനുപുറത്ത് അസ്വാഭാവികമായി ആൾപെരുമാറ്റം കേട്ട് ഉണർന്നു നോക്കിയപ്പോൾ കി ച്ചു പാമ്പിനെ ജനാലയിലൂടെ വലിച്ചെറിഞ്ഞശേഷം പോകുന്നത് കാണുകയായിരുന്നു. തുടർന്ന് വീട്ടുകാർ പാമ്പിനെ അടിച്ചു കൊന്നു. ഇതിനു പിന്നാലെ കാട്ടാക്കട പോലീസിൽ രാജേന്ദ്രൻ പരാതിയും നൽകി.
ആദ്യം കഥയെന്നാണ് കരുതിയിരുന്നതെങ്കിലും പോലീസിന്റെ അന്വേഷണത്തിൽ പാമ്പിന്റെ ഒരു ഭാഗം പറമ്പിൽ നിന്നും ലഭിച്ചതിനാൽ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഒരുവർഷം മുന്നേ കിച്ചുവി നെതിരെ രാജേന്ദ്രൻ നൽകിയ പരാതിയുടെ പേരിലെ വൈരാഗ്യത്തിലാണ് പാമ്പിനെ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ കിച്ചു സമ്മതിച്ചിരുന്നു. പുറത്തിറങ്ങി അക്രമം തുടർന്ന സാഹചര്യത്തിൽ ജാമ്യം റദ്ദാ ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതിയെ നാട്ടുകാർ അടങ്ങിയ സംഘം ക്രൂരമായി കൈകാര്യം ചെയ്തിരുന്നു. ഇയാളുടെ ശരീരത്തിൽ മുറിവുകളും പാടുകളുമുണ്ട്. നാട്ടുകാർക്ക് എതിരെയും പോലീസ് കേസെടുത്തു.
അതിനിടെ വീണ്ടും ഭീതിയിലായി രാജേന്ദ്രന്റെ കുടുംബം. ഏതു നിമിഷവും ആക്രമണം പ്രതീക്ഷിച്ചിരിക്കുകയാണ് ഇവർ. പ്രതിയുടെ കൂട്ടുകാർ തങ്ങളെ എന്തെങ്കിലും ചെയ്യുമോ എന്ന ആശങ്കയും ഇവർ പോലീസിനോട് പങ്കു വച്ചു.