മകനു നീതി ലഭിച്ചില്ല, പബ്ലിക് പ്രോസിക്യൂട്ടര്‍ ഒത്തുകളിച്ചു: ഷാരോണിന്റെ പിതാവ്
1339093
Friday, September 29, 2023 12:28 AM IST
പാറശാല: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിക്കുന്നതിന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഒത്തുകളിച്ചതായി ഷാരോണിന്റെ പിതാവ് ജയരാജ്. 50 ലക്ഷം രൂപയും ഒരു ക്രിമിനല്‍ വക്കീലുമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാം എന്ന സന്ദേശമാണ് ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിലൂടെ ലഭിക്കുന്ന സന്ദേശമെന്നും ജയരാജ്.
തന്റെ മകനെ കൊല്ലാന്‍ ഒരു വര്‍ഷത്തിനു മുമ്പ് നിശ്ചയിച്ചുറച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് പരിഹാരം കണ്ടെത്തിയ ശേഷമാണ് കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നത്. അങ്ങനെയുള്ള ഒരു പ്രതിക്ക് കീഴ്കോടതി നിഷേധിച്ച ജാമ്യം ഹൈക്കോടതിയില്‍ ചെല്ലുമ്പോള്‍ അനുവദിക്കാവുന്ന തരത്തിൽ പ്രവര്‍ത്തിച്ചതിന്റെ പിന്നില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുണ്ട്. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത കാര്യമാണ് നടന്നത്.
മനുഷ്യാവകാശ ലംഘനം നടന്നിട്ടുപോലും മകനു നീതി ലഭിച്ചില്ല എന്ന് ദമ്പതികള്‍. മകനെ കൊന്ന പ്രതി വീഗാലാന്‍ഡില്‍ ടൂര്‍ പോയി മടങ്ങിവന്ന ആവേശത്തോടെയാണ് ഇന്നലെ ജയില്‍ വിട്ടിറങ്ങിയത്. ഇത് കാണുമ്പോള്‍ ഞങ്ങളുടെ ഹൃദയം നടുങ്ങുകയാണ്.
കഴിഞ്ഞ ഒന്‍പതു മാസക്കാലത്തോളം കേസ് നേരായ രീതിയില്‍ നടന്നു. എന്നാല്‍ രണ്ടുമാസം കൊണ്ട് മാറിമറിയുകയായിരുന്നു. ഗ്രീഷ്മയുടെ അമ്മാവന് 53 ലക്ഷം രൂപയ്ക്ക് വീടുംവസ്തുവും രണ്ടു മാസങ്ങള്‍ക്കു മുമ്പ് വില്‍ക്കുകയുണ്ടായി.
രണ്ടുമാസക്കാലമായി ഇയാള്‍ നെയ്യാറ്റിന്‍കര സെഷൻസ് കോടതിയില്‍ ഹാജരാകാറുമില്ല. വീടു വിറ്റുകിട്ടിയ പണം ഉപയോഗിച്ച് കേസ് അട്ടിമറിച്ചതായി സംശയമുണ്ട്. വീടും വസ്തുവും വിറ്റസ്ഥിതിക്ക് ഗ്രീഷ്മയും കുടുംബവും ഈ നാടുവിട്ടു പോകും. പ്രതികള്‍ അത്ര ശക്തരാണ്.
ഞങ്ങളെ കൂടുതല്‍ വേദനിപ്പിച്ചത് 21 വയസുള്ള ഒരു പെണ്‍കുട്ടിയെ എന്തിനു പത്തുമാസമായി ജയിലില്‍ ഇട്ടിരിക്കുന്നു എന്ന കോടതിയുടെ ചോദ്യമാണ്. അവള് ഇപ്പോള്‍ ജീവനോടെയുണ്ട്. എന്നാല്‍ 23 വയസു മാത്രമേ ഞങ്ങളുടെ മകനുമുണ്ടായിരുന്നുള്ളൂ. അവന്റെ ഇപ്പോഴത്തെ സ്ഥിതി എന്തായെന്താണ്, അതിനുശേഷം ഞങ്ങളുടെ സ്ഥിതിയെന്താണ്.
. ഇതിനെക്കുറിച്ചൊന്നും പ്രതിപാദിക്കാന്‍ ഒരു സാംസ്കാരിക നായകരേയും കാണുന്നില്ലെന്നതിൽ അതിയായ ദുഃഖം തോന്നുന്നു. ഞാന്‍ ഒരു സാധാരണഓട്ടോ ഡ്രൈവറാണ്. ഞങ്ങളുടെ മകന് നീതി കിട്ടാൻ ഏതറ്റം വരെയും പോകും. ജയരാജ് വ്യക്തമാക്കി.
ഷാരോണ്‍ വധത്തില്‍ സര്‍ക്കാരിന്റെ വീഴ്ച ആരോപിച്ച് പാറലയില് ബ്ലോക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ചതിൽ സര്‍ക്കാരിന്റെ പിടിപ്പുകേട് ആരോപിച്ച് കോണ്‍ഗ്രസ് പാറശാലയില്‍ പ്രതിഷേധ പ്രകടനം നടത്തി. മുന്‍ എംഎല്‍എ ടി. ജോര്‍ജ് പ്രകടനത്തിന് നേതൃത്വം നല്കി.