പുളിമരത്തിനു മുകളില്‍ മരംവെട്ട് തൊഴിലാളിയുടെ ആത്മഹത്യാ ഭീഷണി
1338860
Thursday, September 28, 2023 12:27 AM IST
വെള്ളറട: കുന്നത്തുകാല്‍ ജംഗ്ഷനു സമീപം കൂറ്റന്‍ പുളിമരത്തില്‍ കയറി ആത്മഹത്യാ ഭീഷണിയുയര്‍ത്തിയ മരംവെട്ട് തൊഴിലാളിയെ ഫയര്‍ഫോഴ്സും പോലീസുമെത്തി താഴെയിറക്കി. വെട്ടുകത്തിയും കയറും പെട്രോളുമായാണ് കുന്നത്തുകാല്‍ ഓണംകോട് സ്വദേശിയായ സൈമണ്‍ (60) ആണ് പുളിമരത്തില്‍ കയറിയത്.
ഉയരെനിന്നും ആത്മഹത്യാ ഭീഷണി മുഴക്കിയ ഇയാളെക്കണ്ട നാട്ടുകാര്‍ പാറശാല അഗ്നിരക്ഷാ സേനയെയും വെള്ളറട പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 8.30 നാണ് സംഭവം.
രണ്ട് ദിവസം മുന്‍പ് വെട്ടുകത്തിയുമായെത്തി പുളിമരത്തിനു സമീപം താമസിക്കുന്ന സന്തോഷിന്റെ വീട്ടിലെത്തി സൈമണ്‍ പാല് വിതരണത്തിനെത്തിയ ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
സന്തോഷിന്റെ വീടിനു മുകളിലേയ്ക്ക് മുറിഞ്ഞു വീണു കിടന്ന പുളിമരത്തിന്റെ ശിഖരം വെട്ടിമാറ്റിയതിനു കൂലി നല്‍കിയില്ലെന്നാരോപിച്ചായിരുന്നു അതിക്രമം. എന്നാല്‍ മകള്‍ക്ക് സുഖമില്ലാത്തതിനാല്‍ ആശുപതിയിലായിരുന്നതിനാല് മറ്റൊരാള്‍വശം പണം നല്‍കിയിരുന്നെന്നാണ് സന്തോഷ് പറഞ്ഞത്. 2000 രൂപ ശമ്പളം ആവശ്യപ്പെട്ടാണ് സംഘര്‍ഷമുണ്ടാക്കിയത്.
തുടര്‍ന്ന് ഇയാള്‍ക്കെതിരെ വെള്ളറട പോലീസ് കേസെടുത്തിരുന്നു. കേസില്‍ നിന്ന് ഒഴിവാക്കണമെന്നു വെള്ള പേപ്പറില്‍ എഴുതി നല്‍കണമെന്ന ആവശ്യം അംഗീകരിക്കാമെന്ന് പോലീസ് അനുനയിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ താഴെയിറങ്ങിയത്.