ഹിന്ദി ദേശീയതയുടെ പ്രതീകം: ടി.പി. ശ്രീനിവാസൻ
1338854
Thursday, September 28, 2023 12:27 AM IST
തിരുവനന്തപുരം: ദേശീയതയുടെ പ്രതീകമെന്ന നിലയിലാണ് ഹിന്ദി പഠനം തുടങ്ങിയതെന്നും അതിൽ ദേശീയപ്രസ്ഥാനം ഉൾക്കൊണ്ട സന്ദേശത്തിന്റെ അന്തർധാര ഉൾചേർന്നിരുന്നുവെന്നും ഡോ. ടി.പി. ശ്രീനിവാസൻ.
കേരള ഹിന്ദി പ്രചാരസഭയുടെ മുൻസാരഥികളായ പ്രഫ. കെ. കേശവൻനായർ, പ്രഫ. എൻ. മാധവൻകുട്ടി നായർ, കെ.ജി. ബാലകൃഷ്ണപിള്ള, പ്രഫ. എം. ജനാർദനൻ പിള്ള, ഡോ. എസ്. രാജപ്പൻ നായർ, കെ.എം. സാമുവൽ എന്നിവരുടെ ചിത്രങ്ങൾ അനാവരണം ചെയ്യുകയായിരുന്നു ടി.പി. ശ്രീനിവാസൻ.
അധ്യാപകർക്ക് ഇന്നു കിട്ടുന്ന പരിശീലനം അപര്യാപ്തമാണെന്നും പഠിക്കുന്നതിനെക്കാളും സർട്ടിഫിക്കറ്റ് കരസ്ഥമാക്കുക എന്നതാണ് മുഖ്യമായും പഠിതാക്കൾ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. കെ.സി. അജയകുമാർ അധ്യക്ഷത വഹിച്ച യോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അക്കൗണ്ട്സ് ജനറൽ ഡോ. ബിജു ജേക്കബ്, ഡോ. എസ്. തങ്കമണിയമ്മ, കവി മധുസൂദനൻ നായർ, അഡ്വ. ബി. മധു എന്നിവർ പ്രസംഗിച്ചു.