അമ്മാവന്റെ മകളുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച പ്രതിക്ക് ഏഴു വർഷം കഠിനതടവും 35,000 രൂപ പിഴയും
1338852
Thursday, September 28, 2023 12:27 AM IST
തിരുവനന്തപുരം: അമ്മാവനും കുടുംബവും താൻ താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞു പോകാത്ത വിരോധം മൂലം അമ്മാവന്റെ മകളുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപിച്ച പ്രതിക്ക് ഏഴു വർഷം കഠിന തടവും 35,000 രൂപ പിഴയും.
തിരുവനന്തപുരം ഉള്ളൂർ പൂന്തി റോഡിൽ രാജേന്ദ്രന്റെ മകൻ അനീഷിനെയാണ് (38) ശിക്ഷിച്ചത്. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റെതാണ് ഉത്തരവ്.
2011 ലാണ് സംഭവം. 16 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ അവർക്ക് കൂടി അവകാശപ്പെട്ട കുടുംബ വീട്ടിൽ നിന്നും ഒഴിപ്പിച്ചു വിടാൻ ശ്രമിച്ച പ്രതി അതിനു വിസമ്മതിച്ച പെണ്‍കുട്ടിയുടെ ദേഹത്ത് തിളച്ചെ വെള്ളം ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപിക്കുകയായിരുന്നു.
മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന കെ. ജയൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ്, അഭിഭാഷകരായ അഡ്വ. വി.സി. ബിന്ദു എന്നിവർ ഹാജരായി.