കണ്ടല സർവീസ് സഹകരണ ബാങ്ക് വിവാദം ഒരു പ്രമാണം ഈടുവച്ച് എടുത്തത് നിരവധി വായ്പകൾ
1338851
Thursday, September 28, 2023 12:27 AM IST
കാട്ടാക്കട: കണ്ടല ബാങ്ക് വിവാദം കത്തുന്നു. ഇതു സംബന്ധിച്ച് നിരവധി പരാതികളും പുറത്തുവന്നു. സിപിഐ നേതാവ് എൻ. ഭാസുരാംഗൻ പ്രസിഡന്റായ കണ്ടല സഹകരണ ബാങ്കിൽ ഒരൊറ്റ പ്രമാണത്തിന്മേൽ നിരവധി വായ്പകൾ എടുത്തതിന്റെ തെളിവുകൾക്കൂടി പുറത്ത്.
ഭാസുരാംഗൻ എട്ടു വർഷത്തിനിടെ പല തവണയായി 3.20 കോ ടി രൂപയെടുത്തത് 14 സെന്റ് വസ്തുവിന്റെ ഒരൊറ്റ ആധാരംവച്ചാണ്. ഭാസുരാംഗനന്റെ മകന്റെ പേരിൽ എടുത്ത വായ്പകളൊന്നും തിരിച്ചടയ്ക്കാതെ എട്ടുതവണയായി ഒരു കോടിയാണ് വായ്പ എടുത്തത്.
എടുത്ത വായ്പകൾ തിരിച്ചടയ്ക്കാതെ അടുത്ത വായ്പ അതേ ആധാരത്തിൽ ഗഹാൻ ചെയ്ത് നൽകാൻ മാറനല്ലൂർ സബ് രജിസ്ട്രാർ ഓഫീസിലും ഒരു തടസവുമുണ്ടായില്ല. ഗഹാൻ പതിച്ച് കൊടുക്കുക മാത്രമാണ് ചുമതലയെന്നാണ് സബ് രജിസ്ട്രാറുടെ പക്ഷം. ഭാസുരാംഗന്റെ വസ്തുവിന്റെ ബാധ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പും പുറത്തു വന്നു. ഇത് സംബന്ധിച്ച് സഹകരണ രജിസ്ട്രാർ വിശദീകരണം ചോദിച്ചിട്ടുണ്ട്.
ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എൻ. ഭാസുരാംഗന്റെ അടുപ്പക്കാരും പരിചയക്കാരുമാണെങ്കിൽ ഭൂമിയുടെ മാർക്കറ്റുവില പോലും നൽകാതെ ഒരു ആധാരത്തിൽ പലതവണയായി വായ്പകൾ ലഭിക്കുമായിരുന്നു. 2013 മുതൽ 2017 വരെ മകന്റെ പേരിൽ എട്ടു തവണകളായി ഒരു കോടി രൂപയാണ് വായ്പയായി നൽകിയത്.
മകളുടെയും മരുമകളുടെയും അടുത്ത ബന്ധുക്കളുടെയും അടക്കം 12 പേരുടെ പേരിൽ ഇങ്ങനെ ആകെ 3.20 കോടി രൂപയെടുത്തു. ഇതിന്റെ മൂന്നിലൊന്നു പോലും തിരിച്ചടച്ചില്ല. എങ്ങനെയാണ് വായ്പ തിരിച്ചടക്കാതെ അതേ പ്രമാണത്തിൽ വീണ്ടും വായ്പ കൊടുക്കുന്നതെന്ന ചോദ്യത്തിന് ബാങ്ക് ജീവനക്കാർ കൈമലർത്തുകയാണ്.
നിക്ഷേപകർക്ക് ബാങ്ക് തിരികെ നൽകാനുള്ളത് 173 കോടി രൂപയാണ്. ബാങ്കിന് പിരിഞ്ഞു കിട്ടാനുള്ളത്് വെറും 68 കോടി രൂപയും. അത്യാവശ്യത്തിന് പോലും പണം പിൻവലിനാകാതെ വന്നതോടെ നിക്ഷേപകർ കെ ണിയിലായി. വായ്പാ സംഘങ്ങളുടെ ക്ലാസ് അഞ്ചിൽ പ്രവർത്തിക്കാൻ യോഗ്യതയുള്ള സംഘം ക്ലാസ് ഒന്നിൽ നിലനിറുത്തി.
റീ ക്ലാസിഫിക്കേഷൻ നടത്താതെ ചെലവിനത്തിൽ നിക്ഷേപത്തിൽ നിന്നു വൻതുക ധൂർത്തടിച്ചു. ഭാസുരാംഗൻ പ്രസിഡന്റാരുന്ന ക്ഷീര വ്യവസായ സഹകരണ സംഘത്തിനു നിയമവിരുദ്ധമായി വൻ തുക വായ്്പ നൽകി. ഈ വായ്്പ വർഷങ്ങളായി കുടിശിഖയാക്കി ബാങ്കിനു നഷ്ടമുണ്ടാക്കി.
സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിച്ച പലിശ നിരക്കിനേക്കാൾ കൂടുതൽ തുക പലിശ നൽകി നിക്ഷേപം സ്വീകരിച്ചതും ബാങ്കിനെ പ്രതിസന്ധിയിലാക്കി. അതിനിടെ ബാങ്കിൽ എത്തിയ സഹകാരികൾ ഇന്നലെയും പണം കിട്ടാതെ വലഞ്ഞു.